മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. നീണ്ട 24 മണിക്കൂറുകള്‍ക്കുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 109 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. മായാവതിയുടെ ബിഎസ്പി രണ്ട് സീറ്റും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഒരു സീറ്റും നേടാനായി. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചിരിക്കുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേവലഭൂരിപക്ഷമായ 116 എന്ന മന്ത്രിക സംഖ്യ മറികടക്കാന്‍ കോണ്‍ഗ്രസിനാകും. ഒരു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്.
വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും ലീഡ്‌നില മാറിമറിഞ്ഞിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.
പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുന്‍പാണ് കമല്‍നാഥ് കത്ത് നല്‍കിയത്.