പി.ഏ.പത്മകുമാർ
കൊട്ടാരക്കര: കോരിച്ചൊരിയുന്ന മഴയത്തും ആഞ്ഞുവീശുന്ന കാറ്റിലും പതറാതെ സ്വന്തം കടമ നിർവഹിച്ച രണ്ടു പേർ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്.
കൊട്ടാരക്കര ഈസ്റ്റ് വൈദ്യുതി സെക്ഷനിലെ ലൈൻമാൻമാരായ ചവറ പൻമന കടുവിള തറയിൽ വീട്ടിൽ മധുവും കൊട്ടാരക്കര ഇഞ്ചക്കാട് കുളത്തിട്ടാം കുഴി വീട്ടിൽ സന്തോഷുമാണ് ആ താരങ്ങൾ.
കഴിഞ്ഞ ദിവസം ഇടിമിന്നലും മഴയും കാറ്റും ആർത്തിരമ്പിക്കൊണ്ടിരിക്കുമ്പോഴാണ് വൈദ്യുതി ഓഫീസിലേക്ക് വിളിയെത്തുന്നത്.നെല്ലിക്കുന്നം പ്രദേശത്ത് വൈദ്യുതിയില്ല.
ഓഫീസിലുണ്ടായിരുന്ന മധുവിനും സന്തോഷിനും തകരാറ് പരിശോധിക്കാൻ നിർദേശം ലഭിച്ചു. സ്ഥലത്തെത്തിയ ഇവർ കണ്ടത് പ്രദേശമെല്ലാം വെള്ളം കയറി കിടക്കുന്നതാണ്.
നെല്ലിക്കുന്നംതോട് കര കവിഞ്ഞൊഴുകുന്നു. കരയേതാ നിലമേതാ എന്നറിയാൻ കഴിയാത്ത സ്ഥിതി. പക്ഷേ ഇരുവരും കർത്തവ്യ ബോധം മറന്നില്ല.
മുങ്ങിയും നീന്തിയുമെല്ലാം ഇവർ പോസ്റ്റിനടുത്തെത്തി. കഴുത്തോളം വെള്ളത്തിൽ മുങ്ങി നിന്നും പോസ്റ്റിൽ കയറിയും ഒരു മണിക്കൂറോളമെടുത്ത് തകരാർ പരിഹരിച്ചു.
ഇവർ വെളളക്കെട്ടിൽ മുങ്ങി നിന്ന് ജോലി ചെയ്യുന്നത് വഴിയാത്രക്കാരിലാരോ മൊബൈൽ ഫോണിൽ പകർത്തി നവ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയായിരുന്നു.
ഇത് ഒട്ടനവധി പേർ ഷെയർ ചെയ്തതോടെ ഇരുവരും നാട്ടിലെ താരങ്ങളായി മാറുകയാണുണ്ടായത്. നൂറു കണക്കിനാളുകളാണ് അഭിനന്ദനമറിയിച്ച് വിളിച്ചുകൊണ്ടിരിക്കുന്നത്.
നിയുക്ത എംഎൽഎ കെ.എൻ ബാലഗോപാലും മുൻ എംഎൽഎ ഐഷാ പോറ്റിറിയും ഇരുവരെയും വിളിച്ച് അഭിനന്ദിച്ചു. ചില സംഘടനകൾ ഇവർക്ക് സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലുമാണ്.