തിരുവനന്തപുരം: അട്ടപ്പാടിയിലെ മധു കേസിൽ നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും.
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സാക്ഷികൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഭീഷണിസ്വരത്തിൽ സംസാരിച്ചു.
സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് എല്ലാ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ ഒരു വിധത്തിലുമുള്ള അലംഭാവവും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷന് ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധു കൊലക്കേസിലൂടെ നടന്നത്. കേസിനെ ഗൗരവമായാണ് കാണുന്നത്.
സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പോലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.