ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സഹോദരന് സിദ്ദാര്‍ഥിന്റെ വിവാഹം മുടങ്ങി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനുള്ള പല കാരണങ്ങളും ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി പ്രിയങ്ക ചോപ്രയുടെ അമ്മ രംഗത്തെത്തിയിരിക്കുന്നു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മകന്റെ വിവാഹം മാറ്റിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മധുചോപ്ര മനസ്സു തുറന്നത്. ഇഷിത കുമാര്‍ എന്ന യുവതിയുമായാണ് സിദ്ധാര്‍ഥിന്റെ വിവാഹം തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. വിവാഹം മാറ്റിവച്ചു എന്നു വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് ആഘോഷവേളയിലെ ചിത്രങ്ങള്‍ ഇഷിത സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്തതും വാര്‍ത്തയായത്.
ഇപ്പോള്‍ വിവാഹിതനാകാന്‍ സിദ്ധാര്‍ഥ് മാനസികമായി തയാറെടുത്തിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് സിദ്ധാര്‍ഥ് ഇഷിതയുമായി ചര്‍ച്ച നടത്തിയെന്നും ഇരുവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും. ഈ വിവാഹം ഇനിയൊരിക്കലും നടക്കാന്‍ പോകുന്നുമില്ലെന്നുമാണ് മധുചോപ്ര വിശദീകരിച്ചത്.
തന്റെ മനസ്സ് ഇതുവരെ വിവാഹത്തിനായി തയാറെടുത്തിട്ടില്ലെന്നും തനിക്കിനിയും സമയം വേണമെന്നുമാണ് സിദ്ധാര്‍ഥിന്റെ വിശദീകരണമെന്നും മധു ചോപ്ര പറയുന്നു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിവാഹം നിര്‍ത്തിവച്ച സിദ്ധാര്‍ഥിന്റെ പ്രവര്‍ത്തിയെ അവിശ്വസനീയതയോടെയാണ് പലരും നോക്കിക്കാണുന്നത്.
സിദ്ധാര്‍ഥിന്റെ ജീവിതത്തില്‍ ആദ്യമായിട്ടല്ല ഇത്തരമൊരു സംഭവമെന്നും 2015ല്‍ അന്നത്തെ ഗേള്‍ഫ്രണ്ട് ആയിരുന്ന കനിക മതുറുമായി നിശ്ചയിച്ചിരുന്ന വിവാഹവും ഒരു മുന്നറിയിപ്പുമില്ലാതെ സിദ്ധാര്‍ഥ് നിര്‍ത്തിവച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.