കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്നുള്ള വൈരാഗ്യം നിമിത്തം തൃശൂർ അയ്യന്തോളിലെ പാർട്ടി മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
മൂന്നു പ്രതികളെ വെറുതേവിട്ടു. ചാവക്കാട് മങ്ങാട്ടു വീട്ടിൽ ഷിനോജ്, അയ്യന്തോൾ വടക്കേ കുന്നന്പത്ത് പ്രവീണ്‍, അടാട്ട് കോടിയിൽ വീട്ടിൽ പ്രജിത്ത്, അയ്യന്തോൾ പുത്തൻവീട്ടിൽ സുരേഷ് എന്നിവർക്കു വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണു ഡിവിഷൻ ബെഞ്ച് ശരിവച്ചത്.
അയ്യന്തോൾ സ്വദേശി പ്രേംജി എന്ന പ്രേംജി കൊള്ളന്നൂർ, അടാട്ട് പ്ലാക്കൽ വീട്ടിൽ മാർട്ടിൻ, അടാട്ട് മഞ്ഞക്കാട്ടിൽ വീട്ടിൽ സനൂപ് എന്നിവരെയാണ് വെറുതെ വിട്ടത്. തൃശൂർ അതിവേഗ കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ പ്രതികൾ നൽകിയ അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്.