അഗളി: മധുവിന് ഇനി വിശക്കില്ല. വലിയ ആൾക്കൂട്ടംകണ്ട് കാട്ടിലേക്ക് ഓടിയൊളിക്കേണ്ട. വിശപ്പില്ലാത്ത, അല്ലലും ആരോപണങ്ങളുമില്ലാത്ത ലോകത്തേക്ക് മധു യാത്രയായി. തനിക്ക് ഇഷ്ടപ്പെട്ട ഗോത്രവാദ്യതാളങ്ങളുടെ ശബ്ദം ആസ്വദിക്കാനാവാതെ.
ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച കടുകുമണ്ണയിലെ മധുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും സംസ്കാര ചടങ്ങുകളും അട്ടപ്പാടിയെ കണ്ണീരണിയിച്ചു. ഹൃദയഭേദകനിമിഷങ്ങളായിരുന്നു അവിടെ. പെറ്റമ്മയുടെയും സഹോദരിമാരുടെയും ചങ്കുപൊട്ടിയുള്ള നിലവിളികൾ കേൾക്കാതെ ചില്ലുകൂട്ടിൽ വലിയ ആൾകൂട്ടത്തിനു നടുവിൽ മധുവിന്റെ ചേതനയറ്റ ശരീരം.
കാടിന്റെ മകനെ ഒരു നോക്കു കാണാനും അന്ത്യോപചാരമർപ്പിക്കാനും ഗോത്രവിഭാഗങ്ങൾ ഒന്നടങ്കം ഉൗരുവിട്ടിറങ്ങി. സങ്കടം, പ്രതിഷേധം എന്നിവയെല്ലാം അവരുടെ മുഖത്ത് അലയടിച്ചിരുന്നു. അന്ത്യോപചാരമർപ്പിക്കാൻ വൻജനാവലിയാണ് എത്തിയിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൃതദേഹവുമായി ആംബുലൻസ് അഗളിയിലെത്തിയത്. മൃതദേഹം പൊതുദർശനത്തിനുവച്ചതോടെ ആളുകൾ ആകെ ഇളകി.
ഒന്നരമണിക്കൂർ പൊതുദർശനത്തിനുശേഷം ചിണ്ടക്കി ഉൗരുവക ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരും ബന്ധുക്കളും അനുഗമിച്ചു. ചിണ്ടാക്കിയിലേക്കു കൊണ്ടുംപോകുംവഴി മുക്കാലിയിലും ഫോറസ്റ്റ് സ്റ്റേഷന് സമീപവുംവച്ച് ആദിവാസികൾ ശവമഞ്ചം തടഞ്ഞു. പ്രതികളെ പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഈ പ്രവൃത്തിയെങ്കിലും പിന്നീട് അവർ പിന്മാറി.