കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തെ പട്ടിണിയുമായി ബന്ധപ്പെടുത്താനാവില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ സംഭവം പട്ടിണിയുടെ പരിണിത ഫലമാണെന്നു പറയാനാവില്ലെന്നും സംഭവത്തിനു മത – രാഷ്ട്രീയ നിറം നൽകാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മധുവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണു സർക്കാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകിയത്. മധുവിന്റെ അമ്മ മല്ലി അങ്കണവാടിയിൽ ഹെൽപ്പറും ഒരു സഹോദരി അങ്കണവാടി വർക്കറുമാണ്.
മറ്റൊരു സഹോദരിയുടെ ഭർത്താവ് മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ ജീവനക്കാരനാണ്. ന്യായമായ വരുമാനമുള്ള കുടുംബമാണ് മല്ലിയുടേത്. 2012 മുതൽ 2014 വരെയുള്ള കാലത്തു മധുവിനു വിഷാദരോഗത്തിനു ചികിത്സ നൽകിയിരുന്നു. ഇയാൾ പിന്നീടു ചികിത്സ മുടക്കിയെന്നും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പുകഴേന്തി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇത്തരം വിഭാഗക്കാർക്കു പ്രതിമാസം നൽകുന്ന 35 കിലോ ഗ്രാം സൗജന്യ അരി ഈ കുടുംബം വാങ്ങുന്നുണ്ട്. പട്ടികവർഗ വകുപ്പിന്റെ ഫുഡ് സപ്പോർട്ട് പ്രോജക്ടിന്റെ ഗുണഭോക്താക്കളാണിവർ. മാനസികാസ്വാസ്ഥ്യമുള്ളതിനാൽ കുടുംബാംഗങ്ങൾ ഉപേക്ഷിച്ച നിലയിലാണ് മധു കഴിഞ്ഞിരുന്നത്. ആരും തിരിഞ്ഞു നോക്കാൻ ഉണ്ടായിരുന്നില്ലെന്നും സർക്കാർ അറിയിച്ചു.