കൊല്ലം : മാനസികരോഗിയായ ആദിവാസി യുവാവിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്ന സംഭവം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ കേസ് അട്ടിമറിച്ച് മുതലെടുപ്പ് നടത്താന്‍ അവസരം കണ്ടെത്തുന്നവരാണെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച മാനവ സമാധാന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാരുന്നു അദ്ദേഹം.മധുവിനെ കൊലചെയ്ത കേസ് ഹൈക്കോടതി സ്വമേധയാ ഏറ്റുടുത്തതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് യാതൊരു പ്രസക്തിയും ഇല്ല. ഇത് തിരിച്ചറിഞ്ഞിട്ടും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കുന്നതിനും കേസ് തേയ്ച്ച്മായ്ച്ചുകളയുന്നതിനുമാണ്.
ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ കൊട്ടിഘോഷിച്ച് ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയ സോളാര്‍ അഴിമതി ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ നിയമിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്ചെയ്തിരിക്കുകയാണ്.
ഈ കേസ് വിജയിപ്പിച്ചെടുക്കാന്‍ വേണ്ടി ഉന്നതനായ അഭിഭാഷകനെ സുപ്രിംകോടതിയില്‍ നിന്നും ഇറക്കിയിരിക്കുകയാണ്. ജൂഡീഷ്യല്‍ അന്വേഷണം ആവസ്യപ്പെടുന്നവര് ഉമ്മന്‍ചാണ്ടിയുടെ കേസ് കാണാതെ പോകരുത്.
ഡല്‍ഹിയില്‍ എസിമുറിയില് ഇരുന്ന് സുഖലോലുപ ജീവിതം നയിക്കുന്നവര്‍ക്ക് അവരുടെ ഗ്രൂപ്പ് രാഷ്ട്രീയം ആയുധമാക്കി കേസ് നീട്ടിക്കൊണ്ടുപോയി എല്ലാ തെളിവുകളും നശിപ്പിച്ചിട്ട് കുറ്റവാളികളെ പിടിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ച് മുതലെടുപ്പു നടത്താനും ശ്രമിക്കുന്ന അഭിനവ ദലിത് രക്ഷകരുടെ തനിനിറം തുറന്നുകാട്ടും.
ആദിവാസികളുടെ സംഘടിത ശക്തിയാണ് അട്ടപ്പാടിയില്‍ മധുവിനെ വധിച്ചതോടെ അരങ്ങേറിയത്. അവിടെ മുതലെടുപ്പിന് ചെന്നവരയെല്ലാം അവര്‍ ആട്ടിയോടിച്ചു. അതുകൊണ്ട് തന്നെയാണ് പ്രതികളെ പെട്ടെന്ന് പിടികൂടിയതും കൊലക്കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനനിയമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതും ആദിവാസികളുടെ ഈ സംഘടിത ശക്തിയെ തകര്‍ത്ത് ആദിവാസികളെ ദുര്‍ബലപ്പെടുത്തിയാല്‍ അവരുടെ ഉയര്‍ത്തെഴുനേല്‍പ്പ് സാധ്യമല്ലെന്ന് രാമഭദ്രന് ഓര്‍മിപ്പിച്ചു.
ചടങ്ങുകളില്‍ കഥകളി കഥാകാരി ചവറ പാറുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്, എസ്. പ്രഹ്ളാദന്, ചലച്ചിത്ര പിന്നണി ഗായിക പ്രഫ. എന്‍. ലതിക, എസ്. പവന നാഥന്, കുണ്ടറ സോമന്, കൈനകരി തങ്കരാജ്, മാര്‍ഷ്യല്‍ ഫ്രാങ്ക്, ഇരവിപുരം ഭാസി, ചവറ ധനപാലന്, ശ്യാം പത്തനാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.