വ്യാഴാഴ്ച വൈകുന്നേരം ഡെസ്കില്‍ ഡ്യൂട്ടിക്കു കയറുമ്പോള്‍ സിപിഎം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍ മാത്രമാണ് പ്രധാനമായും നോക്കിവിടാനുള്ളത്. മേശപ്പുറത്ത് ഒരു ചെറിയ ടെലിവിഷനുണ്ട്- സ്ക്രോളുകള്‍ നോക്കാനുള്ളതാണ്. പെട്ടെന്നാണ് അട്ടപ്പാടിയില്‍ ഒരു യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതായുള്ള വാര്‍ത്ത കണ്ണില്‍പ്പെട്ടത്. ഉടനെ പാലക്കാട് ബ്യൂറോയിലേക്കു വിളിച്ചു. സംഭവം പറയുമ്പോഴേക്കും, വാര്‍ത്ത അയച്ചിട്ടുണ്ടല്ലോ ഹരിയേട്ടാ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ അനില്‍കുമാറിന്റെ മറുപടി.
തീര്‍ത്തും ഉള്പ്രദേശത്തുനിന്നായിട്ടുപോലും വാര്‍ത്ത വേഗത്തില്‍ കിട്ടിയല്ലോ എന്ന ആശ്വാസത്തിനൊപ്പം ഒരദ്ഭുതംകൂടിയുണ്ടായി. വേറൊന്നുമല്ല, ഫോട്ടോയും കിട്ടിയിരിക്കുന്നു!. അഗളി ലേഖകന്‍ മണി പനന്തോട്ടത്തില്‍ വളരെ കൃത്യമായി കാര്യങ്ങള്‍ നീക്കിയിരിക്കുന്നു. ആ സമയത്ത് സ്ഥിരീകരിച്ച വിവരങ്ങള്‍ അനുസരിച്ചുള്ള വാര്‍ത്തയാണ്. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു- അയാള്‍ക്ക് മര്‍ദനമേറ്റതായി സംശയമുണ്ട്., ഭിന്നമാനസികാവസ്ഥയുള്ള ആളുമാണ്. പോലീസ് ജീപ്പില്‍വച്ച് അയാള്‍ ഛര്‍ദ്ദിച്ചിട്ടുണ്ട്. അഗളി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല, മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്ന പോലീസിന്റെ വിശദീകരണവുമുണ്ട്. തലയ്ക്കു ഗുരുതരമായ ക്ഷതമുണ്ടെങ്കില്‍ ഛര്‍ദ്ദിക്കുമെന്ന വിവരം മനസിലൂടെ കടന്നുപോയി.
ഫോട്ടോയില്‍ അയാളുടെ മുഖത്തുകണ്ട ദൈന്യതയും നിസ്സംഗതയും പൊള്ളിച്ചിരുന്നു. ഇയാളൊരു സാധാരണ മോഷ്ടാവല്ല എന്നു മനസുപറഞ്ഞു. ഈ പാവത്തിനെ സംഘംചേര്‍ന്നു മര്ദ്ദിച്ചിട്ടുണ്ടാവുമെന്നും തോന്നി. നാളെ ഇതൊരു വലിയ സംഭവമാകുമെന്ന തോന്നലുമുണ്ടായിരുന്നു. അങ്ങനെയാണ് വാര്‍ത്തയും പടവും ഒന്നാം പേജിലേക്കു നിശ്ചയിക്കുന്നത്. ആ തീരുമാനത്തില്‍ നിര്‍ണായകമായത് അയാളുടെ മുഖംതന്നെയായിരുന്നു. ഹെഡ് ഓഫീസില്‍നിന്നു വന്ന രൂപരേഖയും വിന്യാസവുമനുസരിച്ച് നാലു കോളത്തില്‍ വാര്‍ത്തയും ഏതാണ്ടു രണ്ടു കോളം വലിപ്പത്തില്‍ ആ സാധു മനുഷ്യന്റെ ചിത്രവും ഉള്‍പ്പെടുത്താന്‍ പറ്റിയ സാഹചര്യമായിരുന്നു. ഒരുപക്ഷേ, കൂടുതല്‍ പ്രാധാന്യമുള്ള വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍, പരസ്യങ്ങളുണ്ടായിരുന്നെങ്കില് ആ വാര്‍ത്ത ഒന്നാം പേജില്‍ ഉള്‍പ്പെടില്ലായിരുന്നു. ഞങ്ങളുടെതന്നെ മറ്റ് എഡിഷനുകളില്‍ സംഭവിച്ചത് അതാണ്.
പിറ്റേന്ന് നോക്കുമ്പോള്‍ ലഭ്യമായ, സ്ഥിരീകരിച്ച വാര്‍ത്ത അത്രയും പ്രാധാന്യത്തോടെ തൃശൂരില്‍ മറ്റാരും നല്‍കിയിട്ടില്ല. അത് പലരും കരുതുന്നതുപോലെ, ആക്ഷേപിക്കുന്നതുപോലെ വാര്‍ത്ത മുക്കിയതൊന്നുമല്ല എന്നു വിശദീകരിക്കാനാണ് ഈ കുറിപ്പ്. ആദിവാസിയായതിനാല് കച്ചവട സാധ്യതയില്ലാത്തതിനാല്‍ അകത്തേ പേജിലേക്ക് ഒതുക്കിയതുമല്ല. വെള്ളിയാഴ്ച വൈകുന്നേരമായപ്പോഴേക്കും കൂടുതല്‍ സ്ഥിരീകരണം വന്നു. ശനിയാഴ്ചത്തെ പത്രങ്ങളെല്ലാം മികച്ച പ്രാധാന്യത്തോടെ വാര്‍ത്തയ്ക്കു ഫോളോ അപ് നല്കി. അപ്പോഴും വിമര്‍ശനം വന്നു- സോഷ്യല്‍ മീഡിയ ആഘോഷിച്ചതു കണ്ട് പത്രങ്ങള്‍ ഏറ്റുപിടിച്ചതാണെന്ന്! സത്യത്തില്‍ സോഷ്യല്‍ മീഡിയ എന്നു പറയുന്നത് പത്രപ്രവര്ത്തകര്കൂടി ഉള്‍പ്പെടുന്ന, ഇടപെടുന്ന ഒരിടമാണല്ലോ? അല്ലാതെ മാധ്യമ പ്രവര്‍ത്തനം പഠിപ്പിക്കുന്ന സ്കൂളൊന്നുമല്ലല്ലോ?
മാധ്യമങ്ങളായാലും സോഷ്യല്‍ മീഡിയ ആയാലും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് തോന്നിയിട്ടുള്ളത്. കൊടുക്കല്‍ വാങ്ങലുകള്‍ തീര്‍ച്ചയായും വേണ്ടിവരും. നന്നായി എഴുതുന്ന എത്രയെത്രയോ പേരില്‍നിന്ന് ഓര്‍ക്കുട്ട് കാലം മുതല്ക്കേ എഴുത്തുകള്‍ ചോദിച്ചുവാങ്ങി പത്രത്തില്‍ കൊടുത്ത അനുഭവമുണ്ട്. വാര്‍ത്തകള്‍ക്കായി ഇപ്പോഴും പലരേയും ബന്ധപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. എല്ലാം പോസിറ്റീവ് ആയ അനുഭവങ്ങള്‍. ഒരു വാര്‍ത്ത കൃത്യമായി സ്ഥിരീകരിക്കരിക്കുന്നതിനു മുമ്പ് പത്രത്തില്‍ കൊടുക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയ്ക്കുള്ള സ്വാതന്ത്ര്യം എന്തായാലും പത്രത്തിനില്ലതന്നെ. അതുകൊണ്ടുതന്നെയാണ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്നു എന്ന് ആദ്യദിവസം പത്രത്തില്‍ വരാത്തത്., പിറ്റേന്ന് കാര്യങ്ങള്‍ വ്യക്തമായതോടെ കൂടുതല്‍ പ്രാധാന്യത്തില്‍ പത്രത്തില്‍ വന്നതും. എന്തായാലും ആദ്യദിവസംതന്നെ സാധ്യമായ പ്രാധാന്യത്തോടെ മധുവിന്റെ മരണവാര്‍ത്തയും ചിത്രവും ദീപികയുടെ തൃശൂര്‍ എഡിഷനില്‍ ഒന്നാം പേജില്‍ നല്‍കാനായി എന്ന സമാധാനത്തോടെ നിര്‍ത്തട്ടെ.
വി.ആര്. ഹരിപ്രസാദ് (ന്യൂസ് എഡിറ്റര്‍, ദീപിക, തൃശൂര്‍)