ജോസ് ആൻഡ്രൂസ്
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാർത്തയായി മാറിയത് അയാൾ കൊല്ലപ്പെട്ടതുകൊണ്ടാണ്. കൊല്ലാക്കൊല ചെയ്ത് എത്രപേരെ നമ്മൾ അർധ പ്രാണരാക്കി കിടത്തിയിരിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എത്രപേരോടാണ് ഈയടുത്ത ദിവസങ്ങളിൽ നമ്മൾ ദയയില്ലാതെ പെരുമാറിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നു പറഞ്ഞ് മലപ്പുറത്ത് ഉൾപ്പെടെ നിരവധി യാചകർ അടിയേറ്റു വീണു. പല കേസുകളും വെറും ആരോപണങ്ങൾ മാത്രമായി അവശേഷിച്ചു. ഒന്നിനും തെളിവില്ല. അടികൊണ്ടതു മിച്ചം. അടിച്ചവർക്കെതിരേ നടപടിയുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ മധുവിനെ തല്ലിക്കൊല്ലാൻ ഒരു പക്ഷേ, ഇവർ ധൈര്യപ്പെടില്ലായിരുന്നു. മധുവിനുവേണ്ടി ഇപ്പോൾ ശബ്ദമുയർത്തുന്ന നമ്മളൊക്കെ അന്നും ഇവിടെ ഉണ്ടായിരുന്നുവെന്നു മറക്കണ്ട.
സങ്കടം മാത്രമല്ല, മധുവിന്റെ കാര്യത്തിൽ രോഷവുമുണ്ട് അശ്വതിക്ക്. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ ഈ കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ, ദാരിദ്ര്യംകൊണ്ടു മാത്രം തെരുവിൽ ഇറങ്ങേണ്ടിവരുന്നവർ നിരവധിയാണ്. യാചകരെപ്പോലെ തെരുവിലിറങ്ങാൻ അഭിമാനം അനുവദിക്കാത്ത നിരവധി ആളുകളും നമ്മുടെ ഇടയിലുണ്ട്. അവർ തെരുവിൽ ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഞങ്ങളെപ്പോലുള്ളവർ ശ്രമിക്കുന്നത്. നിരവധിപേരുടെ വീട്ടിലെത്തി ഞങ്ങൾ അരിയും അത്യാവശ്യ സാധനങ്ങളും കൊടുക്കുകയാണ്.
വിശപ്പിനു ജാതിയും മതവും ഗോത്രവുമൊന്നും തടസമല്ല. ദൈവത്തിന്റെ സ്വന്തം നാടല്ലേ കേരളം. അതിന്റെ തലസ്ഥാനത്തുപോലും സ്ഥിതി ദയനീയമാണ്. പുറന്പോക്കുകളായി എഴുതി തള്ളിയ അത്തരക്കാരെ നമ്മൾ ഗൗനിക്കുന്നില്ല എന്നേയുള്ളു. 24 വയസുള്ള ഒരു സ്ത്രീ ഇക്കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ആറു മാസം ഗർഭിണിയായിരുന്നപ്പോൾ അവളെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഇപ്പോൾ ഒരു മാസം പ്രായമുള്ള കൈക്കുഞ്ഞുമായി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. 19 വയസുള്ള അവളുടെ ആങ്ങളയാണ് കുടുംബം നോക്കുന്നത്.
അവനു മാസം 9,000 രൂപ കിട്ടുന്ന ജോലിയാണ്. ആറു ലക്ഷം രൂപ ലോണെടുത്തതിന്റെ പലിശ അടയ്ക്കാൻ വലിയ തുകവേണം. അച്ഛനു അസുഖമായതിനാൽ ജോലിക്കു പോകാൻ നിർവാഹമില്ല. ഞങ്ങൾ ആ വീട്ടിലെത്തി. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി കണ്ടാൽ സഹിക്കില്ല. അച്ഛൻ മിക്കവാറും ഭക്ഷണം ഒരു നേരമേ കഴിക്കൂ. മൂന്നുനേരം താൻ കഴിച്ചാൽ മറ്റുള്ളവർക്കു തികയില്ലെന്ന് അയാൾക്കറിയാം.
അയാൾക്കു തീരെ വയ്യ. എന്നാലും ബന്ധുവീട്ടിൽ പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങി എവിടെയെങ്കിലും പണിക്കു പോകും. ആ വീട്ടിൽ പാൽപ്പൊടിയുടെ ടിന്നുകൾ കിടക്കുന്നതു കണ്ടു. ഒരു മാസം പ്രായമായ കുഞ്ഞിന് പാൽപ്പൊടിയല്ല മുലപ്പാൽ കൊടുക്കൂ, നിങ്ങളെന്താ ഈ കാണിക്കുന്നതെന്നു ഞാൻ രോഷത്തോടെ ചോദിച്ചു. അവളുടെ മറുപടി ഒരു നിലവിളിയായിരുന്നു. മറുപടി പറയാൻ മടിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു.
“എനിക്കു വിശന്നിട്ടു വയ്യ. ഞാനെന്തെങ്കിലും കഴിച്ചാലല്ലേ പാലുണ്ടാകൂ. കുഞ്ഞിനെ പട്ടിണിക്കിടാൻ വയ്യാത്തതുകൊണ്ടാണ് പാൽപ്പൊടി വാങ്ങുന്നത്” അവളുടെ കരച്ചിൽ എന്റെ കാതിൽ ഇപ്പോഴുമുണ്ട്. ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ജോലിക്കു പോകാനും ബുദ്ധിമുട്ട്. പുറത്തു പറയാൻ അഭിമാനം അനുവദിക്കില്ല. അങ്ങനെയാണ് ഞങ്ങളെ വിളിച്ചത്. ഇവരൊക്കെ സാധുക്കളും നിസഹായരും വലിയ മിടുക്കൊന്നുമില്ലാത്തവരുമാണ്. അതുകൊണ്ടുകൂടിയാണ് അവർ പിന്തള്ളപ്പെടുന്നത്. മധുവിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. അയാൾ തിരിച്ചു പറയുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നവനായിരുന്നെങ്കിൽ അക്രമികൾ ഒന്നിനും ധൈര്യപ്പെടില്ലായിരുന്നു. ഇത്തരം സാധുക്കളെ കൂട്ടംചേർന്ന് ആക്രമിക്കാനും തല്ലിക്കൊല്ലാനുമൊക്കെ എളുപ്പമാണ്. എല്ലായിടത്തും ഇതൊന്നും ചെലവാകില്ലല്ലോ.
മധു തിരുവനന്തപുരത്തായിരുന്നെങ്കിൽ… ഞാൻ അയാളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചുപോവുകയാണ്. എങ്കിൽ അയാൾ മരിക്കില്ലായിരുന്നു. തിരുവനന്തപുരത്തുപോലും പലരും ഇങ്ങനെയൊക്കെ സേവനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ആവശ്യക്കാരായ എല്ലാവരുടെയും അടുത്ത് എത്താനാകുന്നില്ല. പലതും ഞങ്ങൾ അറിയാതെ പോകുകയാണ്. 24 മണിക്കൂറും വിളിക്കാവുന്ന ഹെൽപ് ലൈൻ നന്പർ ഞങ്ങൾ നല്കുന്നുണ്ടെങ്കിലും പാവങ്ങളെക്കുറിച്ചു വിളിച്ചു പറയാൻ പോലും മിക്കവരും മെനക്കെടാറില്ല. ഈ പട്ടിണിക്കാരുടെ കാര്യത്തിലൊന്നും ഇടപെടാൻ പലർക്കും താത്പര്യമില്ല. ഒന്നു വിളിച്ചു പറഞ്ഞാൽ മതി. ഞങ്ങൾ നോക്കിക്കൊള്ളാം. ഞാൻ അറിഞ്ഞാൽ പിന്നെ അവർ വിശന്നുകിടക്കില്ല.
പോത്തൻകോട് ഒറ്റയ്ക്കു ജീവിക്കുന്ന ഒരു അമ്മയുണ്ട്. രണ്ടു പെണ്മക്കൾ ഉണ്ട്. കല്യാണം കഴിച്ചുപോയതിൽ പിന്നെ അവർക്കു വരാൻ സമയവും സാഹചര്യവുമില്ല. അമ്മയെ സഹായിക്കാമെന്നു കരുതി ഞങ്ങൾ അവിടെ ചെന്നപ്പോൾ ചീത്തവിളിച്ചുകൊണ്ട് വെട്ടുകത്തിയുമായി ഇറങ്ങിവന്നു. പിന്നെ പോലീസുമായി ഞങ്ങൾ വീണ്ടും ചെന്നു. കൈകാലുകളിൽ പിടിച്ചു ബലമായി ആശുപത്രിയിൽ കൊണ്ടുപോയി. അതിനിടെ വെട്ടുകത്തികൊണ്ട് എന്റെ കൈ മുറിയുകയും ചെയ്തു. ഒറ്റപ്പെട്ട ജീവിതമാണ് അവരെ അങ്ങനെ ആക്കിയത്. വല്ലപ്പോഴും ഇത്തിരി റാഗി കലക്കി കുടിക്കുന്നതായിരുന്നു അവരുടെ ഭക്ഷണം. വീട്ടിലെത്താൻ വഴിപോലുമില്ല. ചെറിയ വഴിയിൽ തടസമായി മണ്ണുകിടക്കുകയാണ്.
ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. നോക്കാൻ ആരുമില്ലാത്ത ആളായതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. നല്ല ഭക്ഷണവും മരുന്നും കൊടുത്തതോടെ അവരുടെ രോഗം മാറി. പെണ്മക്കളെ വിളിച്ചുവരുത്തി. അമ്മയെ നോക്കിയില്ലെങ്കിൽ കേസു കൊടുക്കുമെന്നു പറഞ്ഞതോടെ അവരും വഴങ്ങി. ഞങ്ങൾ ഇപ്പോൾ അവരുടെ വീട്ടിൽ പോകാറുണ്ട്. എന്നെ കണ്ടാൽ ചിരിക്കും. വീട്ടിൽ കയറ്റും. പാവങ്ങളുടെ വഴക്കും രോഷവുമൊക്കെ ഇത്രയേ ഉള്ളു. ജയിലിൽ കിടക്കുന്നവരാണെങ്കിൽപോലും അവരെ മാറ്റാനാകും. മനുഷ്യരായി ജനിച്ചവരാണോ അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം. സമൂഹം മാറിയാൽ മതി.
നെയ്യാറ്റിൻകരയിൽ ആക്രി പെറുക്കി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. രാജു (യഥാർഥ പേരല്ല.) ആരോഗ്യം തീരെയില്ല. സ്വന്തമായി വീടില്ലാത്ത അയാളുടെ കൂടെ അച്ഛനുമുണ്ട്. അച്ഛനു വയ്യാത്തതുകൊണ്ട് കടത്തിണ്ണയിൽ കിടത്തിയിട്ട് അയാൾ ആക്രി പെറുക്കാൻ പോകും. കേട്ടാൽ വിശ്വസിക്കില്ല. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 80 രൂപയാണ്. ഉച്ചയ്ക്കു ഭക്ഷണം വാങ്ങി പൊതിയുമായി അയാൾ കടത്തിണ്ണയിലെത്തും എന്നിട്ട് രണ്ടുപേരുംകൂടി ഒന്നിച്ചു വാരിത്തിന്നും. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയും മകളും പോയി. യൂണിയനിൽ ഉണ്ടായിരുന്നതുകൊണ്ട് അന്ന് അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് 80,000 രൂപ കിട്ടാനുണ്ടായിരുന്നു.
ഭാര്യ തന്ത്രപൂർവം അതു വാങ്ങിക്കൊണ്ടുപോയി. ആ പണത്തിനുവേണ്ടി അയാൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മകൾ അപ്പനെതിരേ ഉന്നയിച്ചത് ലൈംഗിക പീഡന ആരോപണമായിരുന്നു. അതു പറയുന്പോഴൊക്കെ അയാൾ പൊട്ടിക്കരയുകയായിരുന്നു. എനിക്കെന്തിനാ ആ പണം ഇനി കിട്ടിയിട്ട് എന്നു പറഞ്ഞ് അയാൾ പിന്നീടൊരിക്കലും ആ വഴി പോയിട്ടില്ല. ഞങ്ങൾ ചോറുമായി എത്തിയപ്പോൾ സങ്കോചത്തോടെ രാജു ചോദിച്ചത് ഒരു പൊതികൂടി തരാമോയെന്നാണ്. അച്ഛനുവേണ്ടിയാണ് ആ ചോദ്യം.
വഞ്ചിയൂരിൽ ഭർതൃമാതാവുമൊത്ത് ഫുട്പാത്തിൽ കഴിയുന്ന ഒരു ഗർഭിണിയായ സ്ത്രീയുണ്ടായിരുന്നു. സ്വന്തമായി വീടില്ല. ഞങ്ങൾ കൊടുക്കുന്ന ഭക്ഷണവും വാങ്ങി അവർ സ്ഥിരമായി ഒരു സ്ഥലത്തു ചെന്നിരിക്കും. ഇത്തിരി കഴിയുന്പോൾ വീൽ ചെയറിൽ ഒരാൾ അവിടെ എത്തും. മൂന്നുപേരും കൂടി ആ പൊതി അഴിച്ചു കഴിക്കും. ഭക്ഷണ കഴിഞ്ഞ് അയാൾ തിരിച്ചുപോകും. അയാളുടെ ഭാര്യയും അമ്മയുമാണ് സ്ത്രീകൾ. തെങ്ങിൽനിന്നു വീണു പരിക്കേറ്റ അയാൾക്ക് ഇപ്പോൾ ലോട്ടറി കച്ചവടമാണ്. ആ സ്ത്രീയുടെ പ്രസവം കഴിഞ്ഞു.
പക്ഷേ, കുട്ടിയെ കണ്ടില്ല. എവിടെ എന്നു ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ ആക്കിയെന്നു പറഞ്ഞു. പിഞ്ചു കുഞ്ഞിനെയുമായി തെരുവിലൂടെ നടന്നു മടുത്തു. പലരും അസഭ്യം പറയാൻ തുടങ്ങി. തെരുവിലൂടെ നടക്കുന്ന പാവങ്ങളെ ചീത്തവിളിക്കാൻ ചിലർക്കു പ്രത്യേക വിരുതാണല്ലോ. അഞ്ചു വയസാകുന്പോൾ കുട്ടിയെ തിരികെ തരാമെന്നു പറഞ്ഞിട്ടുണ്ടത്രേ. എങ്ങനെ കിട്ടുമെന്ന് എനിക്കറിയില്ല. ഇങ്ങനെ വീടില്ലാത്ത എത്ര മനുഷ്യർ. സർക്കാരിന്റെ വാഗ്ദാനങ്ങളും ഭവന നിർമാണ ഫണ്ടുമൊക്കെ ആരാ കൊണ്ടുപോകുന്നത്. ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തെ എത്ര മനുഷ്യരാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്.
അമ്മ വിജയകുമാരി ജോലി ചെയ്യുന്ന വീടുകളിൽനിന്നു പ്ലാസ്റ്റിക് കടലാസിൽ ലഭിക്കുന്ന ഭക്ഷണം അവരുടെ തെങ്ങിൻതോപ്പിൽ പോയിരുന്ന് ആർത്തിയോടെ കഴിച്ചിരുന്ന ബാല്യകാലമാണ് അശ്വതിയുടേത്. സഹോദരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ വൈകുന്നേരങ്ങളിൽ പണിക്കുപോയിത്തുടങ്ങി. അന്നു കിട്ടിയിരുന്ന 10 രൂപ അവൻ അമ്മയെ ഏല്പിക്കുമായിരുന്നു. ഭർത്താവ് മനോജ് കുമാർ ഇലക്ട്രിക കട നടത്തുന്നു. മക്കൾ ആദിത്യൻ, കാശിനാഥ്. എൽഎൽബി പാസായ അശ്വതി ഇപ്പോൾ പാവങ്ങൾക്കുവേണ്ടി വാദിച്ചും കൈനീട്ടിയും നടക്കുകയാണ്.
180 പാവങ്ങൾക്ക് ദിവസവും ഉച്ചഭക്ഷണം നല്കുന്നുണ്ട്. അശ്വതിയുടെ ഓട്ടോറിക്ഷ കാത്ത് അവർ തെരുവുകളുടെ സ്ഥിരം മൂലകളിൽ കാത്തുനില്ക്കും. അശ്വതിയുടെ സഹായത്തിൽ ലോട്ടറി കച്ചവടം നടത്തുന്നവരും തട്ടുകട നടത്തുന്നവരുമൊക്കെ ധാരാളം. മുളവനയിലെ വാടകക്കെട്ടിടത്തിലാണ് ജ്വാല പ്രവർത്തിക്കുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ മാസം പൂങ്കുളത്ത് 12 സെന്റ് സ്ഥലം വാങ്ങി. പാവങ്ങൾക്കുവേണ്ടി ഒരിടം. മധുവിനെപ്പോലെ എത്രപേർ വന്നാലും സ്വീകരിക്കണമെന്നതാണ് അശ്വതിയുടെ ആഗ്രഹം.
മധു കൊല്ലപ്പെട്ട ദിവസം അശ്വതി തെരുവിലേക്കിറങ്ങി വീടും കുടിയും കഴിക്കാൻ ഭക്ഷണവുമില്ലാത്ത കുറെ ആളുകളുടെ അടുത്തു ചെന്നു. സംഭവം പറഞ്ഞു. ഒരു പ്രതിഷേധ പ്രകടനം നടത്തണമെന്നു പറഞ്ഞു. അവരെല്ലാവരും വണ്ടിയിൽ കയറി അശ്വതിയുടെ കൂടെ പോന്നു. അങ്ങനെ തിരുവനന്തപുരം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിചിത്രമായ ഒരു പ്രതിഷേധ പ്രകടനം. സ്വന്തം ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്നു തോന്നിയതുകൊണ്ടാവാം അവർ പ്രകടനത്തിനിറങ്ങിയത്. പക്ഷേ, അധികാരികൾക്ക് ഇതുവല്ലതും കാണാൻ നേരമുണ്ടോ? ഈ ആരവങ്ങൾ കെട്ടടങ്ങുന്പോൾ ഇനിയും മധു ഉണ്ടാകും. അയാൾക്കു വിശക്കും. മാന്യന്മാരെ ശല്യപ്പെടുത്തും. കൊല്ലപ്പെടും…നമ്മളിങ്ങനെ….