അടുത്ത നാളുകളില്‍ കേരളത്തെ ഞെട്ടിച്ച അനേകം കൊലപാതകങ്ങളില്‍ മലയാളികളെ മുഴുവന്‍ നാണക്കേടിന്റെ പിരിധിയിലെത്തിച്ച ഒന്നാണ് അട്ടപ്പാടിയില്‍ ആദിവാസിയായ മധവെന്ന യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്. മധുവിന്റെ കൊലപാതകം മധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും സോഷ്യല്‍മീഡിയകളിലൂടെയും എല്ലാതെയും പ്രശസ്തരടക്കമുള്ള അനേകമാളുകള്‍ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മധുവിന്റെ സംസ്‌കാരവും നടന്നു. മധുവിന്റെ മരണത്തിനും സംസ്‌കാരത്തിനും ശേഷം മധു താമസിച്ചിരുന്ന സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വീഡിയോയും പ്രചരിക്കുന്നുണ്ട്.
ജനവാസകേന്ദ്രത്തില്‍ നിന്നു മാറിയായിരുന്നു മധു താമസിക്കുന്ന ഗുഹ. ആണ്ടിയളക്കം എന്ന ഈ സ്ഥലത്ത് ഏകദേശം നാലര കിലോമീറ്റര്‍ ദൂരം നടന്നെത്താനുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ എത്തിയ മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞതു സങ്കടകരമായ കാഴ്ചയായിരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ വച്ചിരുന്ന പാത്രങ്ങള്‍ ചിതറിക്കിടക്കുന്നു. ഭക്ഷണം തയാറാക്കാന്‍ വച്ചിരുന്ന സാധനങ്ങളും ചിതറിക്കിടക്കുന്നു. അരിയുടെയും മല്ലിയുടെയും കവറുകള്‍ അവിടിവിടെയായി ഉണ്ട്.
ചിതറി കിടക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍, കറിപ്പൗഡറിന്റെയും സവാളയുടെയും അവശിഷ്ടങ്ങള്‍, ഒരു ബാഗ്, ഏതാനം വസ്ത്രങ്ങള്‍, കാലികുപ്പികള്‍ എന്നിവയൊക്കെയായിരുന്നു മധുവിന്റെ സമ്പാദ്യങ്ങള്‍. ഈ ഗുഹയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മധുവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടിച്ചു കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.