മട്ടാഞ്ചേരി: മാനസികനില തെറ്റിയ സാധുവായ തന്റെ മകനെ കള്ളനാക്കി ചിത്രീകരിക്കാൻ ഗൂഢശ്രമം നടക്കുകയാണെന്ന് അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച മധുവിന്റെ അമ്മ മല്ലി.
ഗുഹാവാസിയായ മധു ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് കാടിറങ്ങി വന്നിരുന്നതെന്നും അവനെതിരേ ഒരു പോലീസ് സ്റ്റേഷനിലും പരാതിയോ കേസോ നിലവിലില്ലെന്നും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു.
മധുവിന്റെ ചിണ്ടാക്കിയിലെ വീട്ടിലെത്തിയ ജെയിൻ ഫൗണ്ടേഷൻ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മല്ലി. മകനെ കള്ളനാക്കി ചിത്രീകരിക്കുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിനിന്റെ നേതൃത്വത്തിലെത്തിയ സംഘം മധുവിന്റെ കുടുംബത്തിന് ഒരു ചാക്ക് അരിയും സമീപത്തെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ അരിയും വിതരണം ചെയ്തു.
ഇനിയൊരു ആദിവാസിയും ഇത്തരത്തിൽ ആക്രമിക്കപ്പെടില്ലന്നും സംഭവിച്ച തെറ്റിനു മാപ്പു ചോദിക്കുകയാണെന്നും പറ ഞ്ഞ സംഘം കേരള ജനതയ്ക്കുവേണ്ടി പ്രതിജ്ഞയെടുത്തു. ആദിവാസി ക്ഷേമത്തിന് സർക്കാർ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് മുകേഷ് ജെയിൻ ആവശ്യപ്പെട്ടു.
ഫൗണ്ടേഷൻ പ്രവർത്തകരായ ആർ. ശെൽവരാജ് , വേണുഗോപാൽ പൈ, ദീപക് പൂജാര, വിപിൻ പട്ടേൽ, വിമൽ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.