തിരുവനന്തപുരം : മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി വി. ജോയ്. മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരി യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വി. ജോയ് പറഞ്ഞു.
നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ ഉയർന്നു വന്നു. അതിൽ നിന്നും ജലീലിനെ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുത്തു. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നയങ്ങളും തീരുമാനങ്ങളും അനുസരിക്കാൻ മധു മുല്ലശേരി ബാധ്യസ്ഥനണ്. അതിനു തയാറാകാതെ പാർട്ടിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച മധുവിന്റെ നടപടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പനും കടകം പള്ളിസുരേന്ദ്രനും പറഞ്ഞു. മധു പാർട്ടി വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകുന്നതിൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല.
അദ്ദേഹത്തോടൊപ്പം സിപിഎമ്മിൽ നിന്നും ആരും പോകില്ലെന്നും ഇരുവരും പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മൂന്നു നേതാക്കളും പ്രതികരിച്ചത്.കഴിഞ്ഞ രണ്ടു തവണയായി മധുവാണ് മംഗലപുരം ഏരിയ സെക്രട്ടറി. സിപിഎം രീതി അനുസരിച്ച് ഒരു തവണ കൂടി മധുവിന് സെക്രട്ടറിയായി തുടരാമായിരുന്നു.
എന്നാൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് മധുവിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മധുവിനു പകരം എം. ജലീലിനെ ഏരിയ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു.കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ സിപിഎം ഏരിയ സമ്മേളനങ്ങളിലുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെയാണ് മംഗലപുരം ഏരിയ സമ്മേളനത്തെ തുടർന്നുണ്ടായ വിവാദവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.