കോഴിക്കോട്: വിശപ്പിന്റെ വിലയായി സ്വന്തംജീവന് കൊടുക്കേണ്ടി വന്ന അട്ടപ്പാടിയിലെ മധുവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഭക്ഷണപൊതിയുമായി “ആശ്രയ’. കോഴിക്കോട് റെയില്വേസ്റ്റേഷന് പരിസരത്ത് നിര്‍ധനരായ 200 ഓളം പേര്‍ക്ക് മധുവിന്റെ അനുസ്മരണാര്‍ത്ഥം ഭക്ഷണപ്പൊതി നല്‍കിയാണ് കണ്ടംകുളങ്ങരയിലെ “ആശ്രയ’ എന്ന സംഘടന സമൂഹത്തിന് മാതൃകയാകുന്നത്.
പൊതുജനങ്ങള്‍ക്കിടയില്‍ സഹജീവി സ്നേഹം ഊട്ടിഉറപ്പിക്കുകയെന്ന സന്ദേശം നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശ്രയ ഭാരവാഹികള്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍വേ സിഐ കെ. വിവേകാനന്ദന് ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശ്രയ പ്രസിഡന്റ് സി.ടി. സവജേഷ് അധ്യക്ഷത വഹിച്ചു. റെയില്‍വേ എസ്ഐ ജംഷീദ്, സനല്‍ എന്നിവര്‍ പങ്കെടുത്തു.