മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പാലക്കാട് ആർഡിഒയ്ക്കു കൈമാറി. മധുവിന്റെ മരണം മർദനം മൂലമാണു സംഭവിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടും.
മധുവിന്റെ ശരീരത്ത് മർദനമേറ്റതിന്റെ അമ്പതോളം പാടുകളുണ്ട്. വടി കൊണ്ടുള്ള അടിയേറ്റു മധുവിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലച്ചോറു തകർന്നു നീർക്കെട്ട് ഉണ്ടായിട്ടുണ്ട്.
മധുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ. ബലറാമാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ബന്ധുക്കൾക്കു നൽകും.
പോസ്റ്റ്മോർട്ടം പൂർണമായും മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ സിസിടിവിയിലും, പോലീസിന്റെ ഫോറൻസിക് വിഭാഗവും ഫിംഗർ വിഭാഗവും വീഡിയോയിലും പകർത്തിയിട്ടുണ്ട്. ഇവ വൈകാതെ അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിക്കും സമർപ്പിക്കും.