‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യം കൊടുത്തിരുന്നില്ല. അവള്‍ക്ക് മുടിയില്ല, നിറമില്ല, വണ്ണം കൂടുതലാണെന്നൊക്കെ പറഞ്ഞ് ഭര്‍ത്താവും അവന്റെ അപ്പനും അമ്മയും എപ്പോഴും പരിഹസിച്ചിരുന്നു.
എന്റെ കുഞ്ഞ് ഇതൊന്നും ആദ്യം ഞങ്ങളെ അറിയിച്ചില്ല. മരിക്കുന്ന ദിവസം രാവിലെ അവള് എന്നെ വിളിച്ചിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും എനിക്ക് മരിക്കാന്‍ പേടിയാണെന്നുമൊക്കെ പറഞ്ഞു. നീ ഒന്നും നോക്കണ്ടാ… ഇങ്ങു പോരെന്ന് ഞാന്‍ പറഞ്ഞു. അധികം വൈകാതെ അവളുടെ അമ്മായിയമ്മ വിളിച്ചിട്ട് മകള്‍ ആശുപത്രിയിലാണെന്നു വിളിച്ചറിയിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും എന്റെ കുഞ്ഞ് ഞങ്ങളെ വിട്ടുപോയിരുന്നു. എന്റെ പേരക്കുട്ടിയെയെങ്കിലും ഞങ്ങള്‍ക്ക് കിട്ടണേ. അല്ലെങ്കില്‍ അതിന്റെ അവസ്ഥ എന്താകും…’ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തന്റെ മകള്‍ ഷൈമോളെ (24)ക്കുറിച്ചോര്‍ത്ത് അതിരമ്പുഴയിലെ വീട്ടിലിരുന്ന് അമ്മ ഷീല ഷാജി തേങ്ങി.
ഇടയ്ക്കിടയ്ക്ക് മകളുടെ ചിത്രത്തിലേക്ക് നോക്കി അവര്‍ പൊട്ടിക്കരഞ്ഞു. സഹോദരിയുടെ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്നെത്തിയ ഷൈനും ഷാനും അമ്മയ്ക്ക് അരുകിലായി നിറമിഴികളോടെ ഇരിക്കുന്നു. കഴിഞ്ഞ നവംബര്‍ ഏഴിനായിരുന്നു ഷൈമോളെ ഭര്‍ത്താവ് അനില്‍ വര്‍ക്കിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി അതിക്രൂരമായ മര്‍ദനം ഏറ്റതായി സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് അനില്‍ വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രണയവിവാഹം
സമീപവാസികളായ ഷൈമോളും അനില്‍ വര്‍ക്കിയും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. നിരവധി കേസുകളില്‍ പ്രതിയായ അനിലിനെക്കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിക്കുന്നതില്‍ ഷീലയ്ക്കും ആണ്മക്കള്ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഓട്ടോഡ്രൈവറായ അനിലിന്റെ നിര്‍ബന്ധപ്രകാരം ഷൈമോള്‍ അനിലിനൊപ്പം ഇറങ്ങിപ്പോയി. 2019 നവംബര്‍ 15ന് ഇരുവരും വിവാഹിതരായി.
വിവാഹത്തിന്റെ അന്ന് അനിലിന്റെ മാതാപിതാക്കള്‍ വിളിച്ചറിയിച്ചപ്പോഴാണ് ഷൈമോളുടെ ബന്ധുക്കള്‍ കാര്യം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് ഇന്‍്സ്പെക്ടര്‍ രണ്ടു കുടുംബക്കാരെയും വിളിച്ചുവരുത്തിയെങ്കിലും ഷൈമോളുടെ ഇഷ്ടപ്രകാരം അനിലിന്റെ കൂടെ വിട്ടയയ്ക്കുകയായിരുന്നു.
2005 ല്‍ ഒരു അപകടത്തെ തുടര്‍ന്ന് ഷൈമോളുടെ പിതാവ് ഷാജി ജോര്‍ജ് മരിച്ചിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളെ ഏറെ കഷ്ടപ്പെട്ടാണ് ഷീല വളര്‍ത്തി വിദ്യാസമ്പന്നരാക്കിയത്. ഷൈമോൾ ബികോം ബിരുദധാരിയാണ്. മകളുടെ ഇഷ്ടപ്രകാരമുള്ള പോക്ക് ആ അമ്മയുടെയും സഹോദരങ്ങളുടെയും മനസിലുണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.
പിന്നീട് ഷൈമോള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച കാര്യം വീട്ടിലേക്ക് വിളിച്ചറിയിച്ചു. അതറിഞ്ഞ് ഷീലയുടെ ബന്ധുക്കള്‍ കുഞ്ഞിനെ കണ്ട് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ഷൈമോള്‍ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ ജോലിക്കു പോകുന്ന സമയത്ത് അമ്മയെ വഴിയില്‍ വച്ച് കാണുമായിരുന്നു.
കുഞ്ഞ് പെണ്ണായതിന്റെ പേരില്‍
ഷൈമോള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതോടെ കുഞ്ഞ് പെണ്ണായതിന്റെ പേരില്‍ അനിലും മാതാപിതാക്കളും ഇഷ്ടക്കുറവ് കാണിച്ചിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് ഷീല പറഞ്ഞു. കുടുംബ സ്വത്തില്നിന്നുള്ള വീതം കിട്ടാനായി അമ്മയ്ക്കും രണ്ടു സഹോദരന്മാര്ക്കുമെതിരേ കേസു കൊടുക്കാന്‍ ഷൈമോളെ നിര്‍ബന്ധിച്ചു.
ഒരു സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റ് ജോലിയുണ്ടായിരുന്നത് നിർബന്ധിച്ച് വേണ്ടെന്നു വയ്പിക്കുകയും വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഭര്‍തൃപിതാവ് തന്റെ മകളോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയിരുന്നതായും ഷീല പോലീസിന് മൊഴി നല്കി.
ഷൈമോള്‍ എല്ലാവരെയും പെട്ടെന്നു വിശ്വസിക്കുന്ന പ്രകൃതക്കാരിയായിരുന്നു. അവളെ തെറ്റുകാരിയാക്കാനും പീഡിപ്പിക്കാനും ഭര്‍തൃവീട്ടുകാർ അത് നന്നായി ഉപയോഗിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
മരിക്കുന്നതിനു മുൻപ് ഷൈമോള്‍ക്കു ക്രൂരമായ മര്‍ദനവും പീഡനവും ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തൂങ്ങിമരണം ആണെങ്കിലും നെഞ്ചിലും വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിരുന്നു. ക്ഷതമേറ്റ വയറിനുള്ളില്‍ 500 മില്ലിക്കു മുകളില്‍ രക്തം കെട്ടിക്കിടക്കുന്നനിലയിലായിരുന്നു. ശരീരത്തില്‍ മുറിപ്പാടുകളുമുണ്ടായിരുന്നു.
സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അനിലിനും മാതാപിതാക്കള്‍ക്കുമെതിരേ കേസെടുത്തു. തുടര്‍ന്ന് ഭര്‍ത്താവ് അനില്‍ വര്‍ക്കിയെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. നവംബര്‍ 27ന് അനിലിന്റെ പിതാവ് വര്‍ക്കിയെ അറസ്റ്റു ചെയ്തുവെങ്കിലും പ്രായാധിക്യത്തിന്റെ അവശതകളില്‍ വിട്ടയച്ചു.
ചെറിയ കുട്ടികളുടെ സംരക്ഷണം നടത്തേണ്ടതിനാല്‍ അനിലിന്റെ മാതാവിനെ അറസ്റ്റു ചെയ്തിട്ടില്ല. ഷൈമോളുടെ കുഞ്ഞിന്റെ സംരക്ഷണം ഇപ്പോള്‍ കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ്. ഈ കുഞ്ഞിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് ഷീലയുടെ ആവശ്യം.
സഹായമേകാന്‍ ‘കാതോര്‍ത്ത്’
കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് നല്‍കുന്നതിനുള്ള പദ്ധതിയാണ് കാതോര്‍ത്ത്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലുള്ളവര്‍ക്കും യാത്ര ചെയ്യാനാകാത്തവര്‍ക്കും ഇതിലൂടെ അടിയന്തരസഹായം ലഭിക്കും.
പോലീസിന്റെയും നിയമവിദഗ്ധരുടെയും ഉപദേശം, സൈക്കോളജിക്കല്‍ കണ്സൾട്ടേഷന് എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ കാതോര്‍ത്ത് പദ്ധതിയിലൂടെ സാധിക്കും. ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് യാതൊരു വിധ ഫീസും ഈടാക്കുകയില്ല. പരാതിക്കാര്‍ നല്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ പരാതിക്കാര്‍ക്ക് എസ്എംഎസും ഇ-മെയില്‍ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനകം വീഡിയോ കോണ്‍ഫറന്‍സിനുള്ള സമയം അറിയിച്ചുകൊണ്ടുള്ള സന്ദേശവും ലഭിക്കും. പരാതികള്‍ നല്‍കുന്നതിനായി [email protected] എന്ന വിലാസത്തിലോ 0471 2346838 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
തുടരും
സീമ മോഹന്‍ലാല്‍