പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാര്ഥത, സ്നേഹം, കരുതല്…
ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. എന്നാല് ഇതിനെല്ലാം ഉപരിയായി സ്ത്രീധനം എന്ന വില്ലന് വിവാഹജീവിതത്തിലേക്കുകടന്നുവരുന്നു. മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല.
“സ്ത്രീധനം ചോദിക്കുന്ന പുരുഷന് തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത്’ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്ക്കിടയില്പോലും സ്ത്രീധനത്തോടുള്ള ആസക്തി ഇന്നും തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
സുഹൃത്തായ ഡോക്ടര് വിവാഹവാഗ്ദാനം നല്കിയശേഷം ഉയര്ന്ന സ്ത്രീധനം നല്കണമെന്നാവശ്യപ്പെട്ടതിന്റെ മാനസികവിഷമത്തില് ആത്മഹത്യചെയ്ത തിരുവനന്തപുരം മെഡിക്കല് കോളേജിലെ രണ്ടാം വര്ഷ പിജി വിദ്യാര്ഥിനിയായ ഡോ. ഷഹന മലയാളികളുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്.
സ്ത്രീധനത്തിന്റെ പേരിൽ ഭര്ത്താവിന്റെയും ഭതൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ ഷബ്ന, കോട്ടയം അതിരമ്പുഴയിലെ ഷൈമോള്, കൊല്ലത്തെ വിസ്മയ, പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്ര… സ്ത്രീധനം എന്ന ദുരാചാരത്തിന്റെ ഇരകളുടെ എണ്ണം അവസാനിക്കുന്നില്ല.
വിവാഹസമയത്ത് ഒന്നും ചോദിക്കാത്ത ചില മാന്യന്മാര് വിവാഹശേഷം കണക്കു പറഞ്ഞു സ്ത്രീധനം ചോദിച്ചു ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കേസുകള് കുടുംബക്കോടതിയില് എത്താറുണ്ട്. “താലികെട്ടിയ ആള്’,
“കുഞ്ഞിന്റെ അച്ഛന്’ തുടങ്ങിയ പരിഗണനകള് നല്കി പല സ്ത്രീകളും ഇത്തരം പീഡനങ്ങള്ക്കു മുന്നില് മൗനം പാലിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീധന പീഡനക്കേസുകള് മിക്കപ്പോഴും നിയമത്തിനു മുന്നില് എത്തുന്നില്ല. വരന്റെ ഉയര്ന്ന ജോലി, സാമ്പത്തികം, വിദ്യാഭ്യാസം, സൗന്ദര്യം ഇവയെല്ലാം വിവാഹക്കമ്പോളത്തില് സത്രീധനത്തിന്റെ റേറ്റ് കൂട്ടുന്ന മാനദണ്ഡങ്ങളാണ്.
നോവായി ഡോ. ഷഹന
കഴിഞ്ഞ നാലിനായിരുന്നു തിരുവനന്തപുരം മെഡിക്കല് കോളജ് സര്ജറി വിഭാഗത്തിലെ പിജി വിദ്യാര്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. എ.ജെ. ഷഹനയെ(26) ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. വെഞ്ഞാറമൂട് മൈത്രി നഗര് നാസ് മന്സിലില് പരേതനായ അബ്ദുല് അസീസിന്റെയും ജലീല ബീവിയുടെയും മകളായ ഡോ. ഷഹന സര്ജറി വിഭാഗത്തില് പിജി ചെയ്യുകയായിരുന്നു.
അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്.ഡോ. ഷഹനയുടെ മുറിയില്നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് സഹപാഠിയും മെഡിക്കല് കോളേജ് പിജി ഡോക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റുമായിരുന്ന ഡോ. ഇ.എ. റുവൈസിലേക്കായിരുന്നു വിരല് ചൂണ്ടിയത്.
ഇയാള് വിവാഹവാഗ്ദാനം നല്കുകയും സ്ത്രീധനത്തിന്റെ പേരില് ഷഹനയെ മാനസിക സംഘര്ഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നുമാണ് മെഡിക്കല് കോളജ് പോലീസിന്റെ റിപ്പോര്ട്ട്.
ചുരുങ്ങിയ വാക്കുകളില് നൊമ്പരം പറഞ്ഞ്
“എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ – ചുരുങ്ങിയ വാക്കുകളില് തന്റെ സങ്കടം എഴുതിവച്ചാണ് ഷഹന ഈ ലോകത്തുനിന്ന് യാത്രയായത്. ആലപ്പുഴ മെഡിക്കല് കോളജിലാണ് ഷഹന എംബിബിഎസ് പഠനം പൂര്ത്തിയാക്കിയത്. തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജില് ഉപരി പഠനത്തിനായെത്തി.
വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന് ആരുമില്ലെന്നുമുള്ള വേദന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.എല്ലാവര്ക്കും പണം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന് മാത്രമാണുള്ളത്.
വിവാഹത്തിന് ഉള്പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്കാനാണെന്നും ആത്മഹത്യാക്കുറിപ്പില് ഷഹന പറഞ്ഞു നിര്ത്തുന്നു.
സുഹൃത്തുക്കളായ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോള് ഷഹനയെ വിവാഹം കഴിക്കാന് ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസാണ് വീട്ടില് വിവാഹാലോചനയുമായി എത്തിയതെന്നാണ് ഷഹനയുടെ ബന്ധുക്കള് പറയുന്നത്.
വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള് റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു.
വിവാഹ തീയതി ഉള്പ്പെടെയുള്ള കാര്യങ്ങള് ചര്ച്ച നടത്തിയിരുന്നു. ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര് സമ്മതിച്ചിരുന്നു. കൊടുക്കാന് പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്കിയെന്നാണ് ബന്ധുക്കള് പറയുന്നത്.
തെളിവായി വാട്സാപ്പ് സന്ദേശങ്ങള്
വിവാഹം നടക്കണമെങ്കില് ഭീമമായ തുക സ്ത്രീധനമായി നല്കണമെന്ന് റുവൈസ് ആവശ്യപ്പെട്ടതായാണ് വാട്സാപ്പ് സന്ദേശങ്ങള് സൂചിപ്പിക്കുന്നത്.
150 പവന് സ്വര്ണം, വസ്തു, ബിഎംഡബ്ല്യൂ കാര് എന്നിങ്ങനെയാണത്രെ സ്ത്രീധനമായി ആവശ്യപ്പെട്ടത്. അതു കൊടുത്തില്ലെങ്കില് വിവാഹത്തില് നിന്ന് പിന്മാറുമെന്ന് അറിയിച്ചതിനെത്തുടര്ന്നുണ്ടായ മാനസിക സമ്മര്ദമാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഷഹന ആത്മഹത്യ ചെയ്യാന് പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. പകരം ഇയാള് ഷഹനയുടെ നമ്പര് ബ്ലോക്ക് ചെയ്തു. ഇത് ഷഹനയുടെ മനോനില കൂടുതല് തകര്ക്കാന് ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്.
ഷഹനയുടെ സഹോദരന് ജാസിംനാസ നല്കിയ പരാതിയില് മെഡിക്കല് കോളജ് പോലീസ് റുവൈസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാകുറ്റം (ഐ.പി.സി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന് 4 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
സീമ മോഹന്ലാല്
(തുടരും)