സാക്ഷരകേരളമേ ലജ്ജിച്ചു തലതാഴ്ത്തുക! ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത്, മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം; സെല്‍ഫിയിലെ യുവാവിനെയും കണ്ടെത്തി

അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് മാനസികാസ്വസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രമുഖരടക്കമുള്ളവര്‍ രംഗത്ത്. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പോലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു.

ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ലെന്നും കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുമെന്നും, എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും സോഷ്യല്‍മീഡിയയിലൂടെ പലരും പ്രതികരിച്ചു.

ഇതിനിടെ മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെയും കണ്ടെത്തി. ഇയാളുടെ പേര് ഉബൈദ് എന്നാണെന്നും കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സംയത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പ്രചാരണ വാഹനത്തില്‍ ഇയാള്‍ യാത്ര ചെയ്യുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Related posts