മുകേഷിനേയും മധുബാലയേയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാൾ പട്ടാളം (1990). ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് വർഷങ്ങൾക്കിപ്പുറം നടൻ മുകേഷ്.
ക്ലൈമാക്സിൽ കായലിലേക്ക് മധുബാല ചാടുന്നതും രക്ഷിക്കാനായി വൃദ്ധനായി വേഷമിട്ട മുകേഷിന്റെ കഥാപാത്രം ചാടുന്നതുമായ രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. വേളിക്കായലിൽ വെച്ചായിരുന്നു ചിത്രീകരണം.
രംഗം ഷൂട്ട് ചെയ്യുന്നതിനു മുന്പു കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ടെന്നും ഒരുകാരണവശാലും ചാടരുതെന്നും എത്രയോ പേർ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നും മധുബാലയോടും അവരുടെ അച്ഛനോടും ആരോ ചെന്ന് പറഞ്ഞു കൊടുത്തു. ഇതോടെ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യാൻ പറ്റില്ലെന്ന് മധുബാല നിലപാടെടുത്തു.
കായലിൽ അടിയൊഴുക്കും ചുഴിയുമൊന്നും ഇല്ലെന്നും മധുബാല അങ്ങനെ ചെയ്താൽ മാത്രമേ അതിന്റെ ബ്യൂട്ടി കിട്ടുകയുള്ളൂവെന്ന് സംവിധായകൻ പറഞ്ഞുനോക്കിയെങ്കിലും മധുബാലയുടെ അച്ഛൻ വഴങ്ങിയില്ല. ജീവൻവെച്ച് കളിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു അവർ.
ലോംഗ് ഷോട്ടിൽ ലൈറ്റ് ബോയിയെ കൊണ്ട് ഡ്യൂപ്പിട്ട് കായലിൽ ചാടുന്ന ഷോട്ടെടുക്കാമെന്ന് ഒടുവിൽ രാജീവ് കുമാർ തീരുമാനിച്ചു. എന്തായാലും സീൻ കുളമാകും ക്ലൈമാക്സും രാജീവ് കുമാർ നിരാശയോടെ പറഞ്ഞു. രാജീവ് കുമാറിന്റെ നിരാശ കണ്ടതോടെ അവരോട് സംസാരിച്ചു നോക്കാൻ മുകേഷ് തീരുമാനിച്ചു. തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ…
ഞാൻ മധുവിനടുത്ത് ചെന്നിരുന്ന് ഒരു നാലഞ്ച് മിനുട്ട് നേരം സംസാരിച്ച് കാണും. അത് കഴിഞ്ഞയുടൻ മധുബാല എഴുന്നേറ്റ് നേരെ രാജീവ് കുമാറിന്റെ അടുത്തേക്ക് ചെന്ന് ഞാൻ ചാടാം എന്ന് പറഞ്ഞു. രാജീവ് കുമാർ അന്തം വിട്ട് മധുബാലയെ നോക്കി.
അച്ഛൻ വിലക്കിയപ്പോൾ അച്ഛൻ ഇതിൽ ഇടപെടരുതെന്നും ഇതെന്റെ പ്രൊഫഷനാണെന്നും മധുബാല പറഞ്ഞു. രാജീവ് കുമാർ മനസിൽ കണ്ടതുപോലെ ഷോട്ടുകൾ എല്ലാം എടുത്തു. മുകേഷ് എന്ത് ടെക്നിക്കാണ് പ്രയോഗിച്ചത്.
നാലഞ്ച് മിനുട്ട് കൊണ്ട് എങ്ങനെയാണ് ഒരാളുടെ മനസുമാറ്റിയെടുത്തത് ഷോട്ടോക്കെ എടുത്തു കഴിഞ്ഞ് രാജീവ് കുമാറും നിർമാതാവ് സെഞ്ച്വറി കൊച്ചുമോനും എന്റെ പിന്നാലെ നടന്നു. അത് എന്റെ ട്രേഡ് സീക്രട്ടാണെന്നും പുറത്തറിഞ്ഞാൽ അതിനി പ്രയോഗിക്കാൻ പറ്റില്ലെന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. മുകേഷ് പറഞ്ഞു.
ഒറ്റയാൾ പട്ടാളം റിലീസായിട്ട് മുപ്പതുവർഷത്തോളമാകുന്നു. മധുബാലയുടെ അഭിമുഖം അടുത്തിടെ കണ്ടപ്പോൾ അക്കാര്യങ്ങളെല്ലാം വീണ്ടും ഓർമിച്ചുവെന്നും അന്ന് വെളിപ്പെടുത്താതിരുന്ന ആ ടെക്നിക് എന്തായിരുന്നുവെന്ന് ഞാൻ ഇപ്പോൾ പറയാമെന്നും വ്യക്തമാക്കിയ മുകേഷിന്റെ വാക്കുകൾ ഇങ്ങനെ…
മധുവിനടുത്തേക്ക് ചെന്നപ്പോൾ കായലിൽ ചാടാൻ പറ്റാത്തതിനെ കുറിച്ച് എക്സ്ക്യൂസ് പറയാൻ തുടങ്ങുകയായിരുന്നു അവർ. കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ട്, അച്ഛൻ ഇങ്ങനെ പറയുന്നു എന്നൊക്കെ. മധൂ… ഞാൻ പറയുന്നത് കേൾക്ക് കോണ്ഫിഡൻസ് ഇല്ലാതെ നമ്മൾ ഒരു കാര്യവും ചെയ്യരുത്.
കായലിൽ ചാടിക്കഴിഞ്ഞാൽ അപകടമുണ്ടാകുമെന്ന് മധുവിന് തോന്നുന്നുണ്ടെങ്കിൽ ഒരിക്കലും ചെയ്യരുത്. ഞാൻ എങ്ങനെയെങ്കിലും കായലിൽ ചാടാമോ ചാടിക്കൂടെ എന്നൊക്കെ പറയുമെന്ന് കരുതിയ മധു അതുകേട്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു. യാ… യാ… യൂ സെഡ് ഇറ്റ് മുകേഷ് ജീ… ഞാൻ ചിലപ്പോൾ ഒരു മലയുടെ മുകളിൽ നിന്ന് ചാടിയേക്കും.
ചിലപ്പോൾ രണ്ടടി പൊക്കത്തിൽ നിന്ന് ചാടാൻ പറഞ്ഞാൽ അത് ചെയ്യില്ലെന്നുമിരിക്കും. അത് ഒരു ആക്ടറുടെ ഡിസിഷനാണ്. ഞാൻ വീണ്ടും പറഞ്ഞു. ഞാനെന്ത് വിചാരിക്കുമെന്നോർത്ത് വിഷമിച്ചിരുന്ന മധുവിന് സന്തോഷമായി. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ പറഞ്ഞു,
മധു പക്ഷേ ഒരു കാര്യം കൂടി എനിക്ക് പറയാതിരിക്കാൻ പറ്റില്ല. എന്താണ് മധുബാല ചോദിച്ചു. മധുവിനെപ്പോലൊരാൾ മലയാളത്തിൽ ആദ്യമാണ്. ഇത്രയും എനർജറ്റിക്കായിട്ട്, ഇത്രയും ബ്യൂട്ടിഫുളായിട്ട് ഇത്രയും ആക്ടിംഗ് ടാലന്റുള്ള ഒരാൾ മലയാളത്തെ സംബന്ധിച്ച് ഒരുപാടു കാലങ്ങൾക്ക് ശേഷം ആദ്യമാണ്.
ഇപ്പോഴും ഞാൻ പറയാം. നമ്മുടെ സിനിമ റിലീസാകുന്പോൾ കായലിൽ ചാടുന്ന രംഗം വരുന്നതു വരെ പ്രേക്ഷകർ സാധാരണ മട്ടിലിരിക്കും. മലയാളത്തിൽ ഷീലയും ശാരദയും ജയഭാരതിയും തൊട്ട് ഇപ്പോഴുള്ള ഉർവ്വശിയും ശോഭനയും വരെ വെള്ളത്തിലേക്ക് എടുത്തുചാടിയിട്ടില്ല. പക്ഷേ മധുവിന് നീന്തലറിയാം. മധു ലോകം കണ്ടയാളാണ്.
കഥാപാത്രത്തോട് ഇഴുകിച്ചേരുന്നയാളാണ്. മധു ചാടിയാൽ അതൊരു ചരിത്രമാകും. ആ സീൻ വരുന്പോൾ തിയറ്ററുകൾ കൈയടി കൊണ്ട് നിറയും. കാരണം അവർ ആദ്യമായിട്ടായിരിക്കും ഒരു നായിക ഇങ്ങനെ ഒരു ത്രില്ലിംഗ് സീനിൽ ഡ്യൂപ്പിലാതെ അഭിനയിച്ചു കാണുന്നത്.
സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകർ പറയും ആ പെണ്കുട്ടി കായലിലോട്ട് ചാടിയത് ഭയങ്കര സംഭവമായിപ്പോയെന്ന്. ഇങ്ങനെ ഒരു മറുവശം കൂടിയുണ്ട്. പക്ഷേ കോണ്ഫിഡൻസ് ഇല്ലെങ്കിൽ മധു ചാടരുത്. ഞാൻ ചാടുമെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് മധു നേരെ പോയതാണ് രാജീവ് കുമാറിന്റെ അടുത്തേക്കാണ് മുകേഷ് പറഞ്ഞു നിർത്തി .
–പിജി