ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നടി മധു (മധുബാല) നിരവധി നല്ല സിനിമകളില്‍ അഭിനയിച്ചു വരികയാണ്. ഒരു കാലത്ത്ഫൂല് ഓര് കാന്തേ, റോജ, യോദ്ധ, ജെന്റില്മാന് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു നടി. സാമാന്ത നായികയായി എത്തിയ ശാകുന്തളം, കങ്കണ അഭിനയിച്ച തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ മധു അടുത്തിടെ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രി മാറിയതിനെക്കുറിച്ച് മധു സംസാരിക്കുന്ന വാക്കുകളാണു ശ്രദ്ധിക്കപ്പെടുന്നത്- ‘സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറിപ്പോയി.
ഞാന്‍ മുമ്പ് അഭിനയിച്ചിരുന്ന കാലത്ത് നടിമാര്‍ വാനിറ്റി വാനുകള്‍ ഉപയോഗിക്കാനും ശുചിമുറിയിൽ പോകാനുമൊക്കെ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നു. അതൊരു സത്യാവസ്ഥയാണ്. കൊലാച്ചിയിലെ റെഡ് കേവ്സില്‍ ഒരു തമിഴ് സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു കുന്നിനു താഴെ നിറയെ മരങ്ങളുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അവിടുത്തെ ചൂടില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മള് ഉപയോഗിച്ചിരുന്ന വസ്ത്രം മാറുന്നത് എതെങ്കിലും മരത്തിന്റെ മറവിലൊക്കെ ആയിരുന്നു. ആ സമയത്ത് ആരെങ്കിലും നമ്മള് വസ്ത്രം മാറുന്നത് കാണുന്നുണ്ടോ എന്നു പോലും അറിയില്ല.
തമിഴ്നാട്ടില്‍ എവിടെയോ ആയിരുന്നു മണിരത്നം സാറിന്റെ ഇരുവര്‍ എന്ന സിനിമയുടെ ഷൂട്ട്. സ്ഥലം ഓര്‍മയില്ല. ബ്രേക്ക് സമയത്ത് ഞാന്‍ ഒരു പാറക്കല്ലന്റെ മുകളില്‍ ഒന്നു മയങ്ങി. ഈ സമയം ആരോ പറയുന്നത് കേട്ടു. കഷ്ടം, പണം കിട്ടുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. കല്ലിന്റെ മേലെയല്ലേ കിടന്ന് ഉറങ്ങുന്നതെന്ന്. ഇന്ന് അങ്ങനത്തെ സാഹചര്യമൊന്നുമില്ല. നിങ്ങള്‍ക്ക് മേക്ക് അപ്പ് വാന്‍ വേണമെന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെട്ടാല്‍ ഇന്നവര്‍ തരും’.
ഞാന്‍ എപ്പോഴും ഒരു നടിയാണ്. എനിക്കുമുന്നില്‍ വേദിയുണ്ടെങ്കിലും ഇല്ലെങ്കിലും. അതുകൊണ്ടു ഒരു നല്ല നടിയായി ഇരിക്കാന്‍ എല്ലാ ദിവസവും ശ്രമിക്കുന്നു. ഞാന്‍ തിരിച്ചുവരവ് നടത്തിയ ഘട്ടത്തില്‍ അമ്മ വേഷവും ഏട്ടത്തിയമ്മ വേഷവും ചെയ്യില്ലെന്നു തന്നെയാണ് തീരുമാനിച്ചത്. പക്ഷെ പിന്നീട് ചിന്തിച്ചപ്പോള്‍, അമ്മ വേഷം ചെയ്യണോ വേണ്ടയോ എന്നുള്ളതല്ല, ഏതുതരം അമ്മ വേഷമാണ് നിങ്ങളിലേക്ക് എത്തുന്നത്, എങ്ങനെയാണ് ചെയ്യുന്നത് എന്നതു പോലെയാണു കാര്യങ്ങള്‍ എന്നു മനസിലായി’- മധു പറഞ്ഞു.