മലയാളികളും ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് റോജ. അരവിന്ദ് സാമിയും മധുബാലയും തകർത്തഭിനയിച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് റോജയെ വിലയിരുത്താറുള്ളത്. ഒറ്റയാൾപ്പട്ടാളം, നീലഗിരി,
എന്നോടിഷ്ടം കൂടാമോ, യോദ്ധ തുടങ്ങിയ മലയാള സിനിമകളിലും മധുബാല അഭിനയിച്ചിരുന്നു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. തമിഴ് ചിത്രമായ അഗ്നിദേവിലൂടെയാണ് ആ വരവ്.
ബോബി സിംഹയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രമ്യ നന്പീശനും സതീഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. മന്ത്രിയായ ശകുന്തളാ ദേവിയായാണ് മധുബാല എത്തുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി വില്ലത്തിയായാണ് ഇത്തവണത്തെ വരവ്. നായികയായി മാത്രമല്ല വില്ലത്തിയായും തനിക്ക് തിളങ്ങനാവുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.