പറവൂർ: അഭിനയ രംഗത്തേക്ക് പിതാവിന്റെ പിൻഗാമിയായി എത്തിയ മകന് ആദ്യ അഭിനയ സംരഭത്തിൽതന്നെ അവാർഡ്. പറവൂർ ഭരതന്റെ മകൻ മധുവിനെയാണ് വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ ആലപ്പുഴയിൽ നടത്തിയ ഭരതൻ സ്മാരക ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തെരഞ്ഞെടുത്തത്. അജയൻ തൃപ്പൂണിത്തുറ കഥയെഴുതി സംവിധാനം ചെയ്ത ഒരു കൈത്താങ്ങ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മധു ഈ രംഗത്തേയ്ക്ക് കടന്നത്.
മകൾ നഷ്ടപ്പെട്ട മനോവിഷമം പേറുന്ന അച്ഛന്റെ വേഷമായിരുന്നു മധു മികച്ചതാക്കിയത്. മധുവിന്റെ സഹോദരനായ അജയൻ പറവൂരും രാജേഷ് ഇടമനയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മികച്ച നടി, തിരക്കഥ, രണ്ടാമത്തെ ചിത്രം എന്നീ പുരസ്കാരങ്ങൾ കൂടി ഒരു കൈത്താങ്ങ് നേടി.
പറൂവർ ഭരതനോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന മകനാണ് മധു. അവിവാഹിതനുമാണ്. സ്കൂൾ പഠനസമയത്തും പിന്നീടുള്ള കാലഘട്ടങ്ങളിലും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാരംഗത്ത് അഭിനയിക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോഴാണ് ലഭിച്ചത്. അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് അനുഗ്രഹം നേടി അമ്മയുടെ കാൽ തൊട്ട് വണങ്ങിയാണ് അഭിനയിക്കാൻ പോയത്. ഇതിനിടയിൽ വീട്ടിൽ വന്നപ്പോഴാണ് നടൻ സലിംകുമാറിൽ നിന്നുംകൂടി അനുഗ്രഹങ്ങൾ നേടിയാണ് സെറ്റിലേയ്ക്ക് പോയത്.