ചക്കരക്കൽ: റോഡരികിൽ പോലീസിനെ കണ്ടപ്പോൾ ഇരുചക്രവാഹന യാത്രികൾ ഉൾപ്പെടെ പലർക്കും മനസിൽ ആധിയായിരുന്നു.
ഹെൽമറ്റ് ധരിച്ചു സഞ്ചരിച്ചവരെയും ധരിക്കാത്തവരെയും പോലീസ് കൈകാണിച്ചു നിർത്തിയപ്പോൾ ഹെൽമറ്റ് ധാരികൾ പോലീസുകാരുടെ പതിവു പോലെ ബുക്കും പേപ്പറും ആവശ്യപ്പെടുപമെന്നും
ഹെൽമറ്റ് ധരിക്കാത്തവർ പിഴയുമാണ് പ്രതീക്ഷിച്ചതെങ്കിലും ഇരുവരുടെയും പ്രതീക്ഷകൾ തെറ്റി. ഹെൽമറ്റ് ധരിച്ചവരെ പോലീസ് ലഡു നൽകി അഭിന്ദിച്ചു.
ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതിനു പകരം ഹെൽമറ്റ് ധരിക്കേണ്ടതിന്റെയും മോട്ടോർ വാഹനനിയമം പാലിക്കേണ്ടതിന്റെയും ആവശ്യകത ബോധവത്കരണത്തിലൂടെ മനസിലാക്കി കൊടുക്കുകയും ചെയ്തു.
ഇനി മുതൽ ഹെൽമറ്റ് ധരിക്കുമെന്ന ഉറപ്പു നൽകിയാണ് എല്ലാവരും യാത്ര തുടർന്നത്. സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിനെ കുറിച്ചുള്ള ബോധവത്കരണവും നടന്നു.
ചക്കരക്കൽ പോലീസും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ചക്കരക്കൽ മേഖലാ യുണീറ്റും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചക്കരക്കൽ എസ്ഐ ബിജു, എകെപിഎ സെക്രട്ടറി കെ.വി.സഹദേവൻ, കെ.വി. വിനയ കുമാർ, എ. വിനോദൻ, കെ.കെ. രമേശൻ, കരുണാകരൻ, അജിത്, ഷാജു എന്നിവർ നേതൃത്വം നൽകി.