കാട്ടൂർ: കനോലി കനാലിനു കുറുകെയുള്ള മധുരംപിള്ളി നടപ്പാലം കടക്കണമെങ്കിൽ ഇത്തിരി കരളുറപ്പു വേണം. വളരെ പരിചിതമായവർക്കു മാത്രമേ ഇതിലൂടെ സാഹസിക യാത്ര ചെയ്യാനാകൂ. കുത്തനെയുള്ള പാലത്തിലൂടെ കടക്കുന്നതിനിടെ നിരവധിപേർ വീണു പരിക്കേറ്റിരുന്നു.
എടത്തിരുത്തി – കാട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായ മധുരംപിള്ളി നടപ്പാലം അപകടാവസ്ഥയിലാണ്. കാൽ നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ കൈവരികൾ തകർന്നും കാലുകൾ ദ്രവിച്ച് ഇല്ലാതായിരിക്കുകയാണ്. ഇതു ആദ്യം മരപ്പാലമായിരുന്നു.
1989 ൽ ആയിരുന്നു ഇതിന്റെ നിർമാണം. പാലത്തിനോടുചേർന്ന് താമസിക്കുന്ന പുതിയ വീട്ടിൽ ബീരാൻ, പി. സിദ്ധിക്ക്, അസനാർ പള്ളിപറന്പിൽ, മാണിയത്ത് സുധാകരൻ എന്നിവരാണു മരപ്പാലത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത്.
കനാലിനു കിഴക്കുഭാഗത്തുള്ള കൃഷി ഭൂമികൾ കനാലിനു പടിഞ്ഞാറു ഭാഗത്തുള്ളവരുടെതായിരുന്നു. അവിടെനിന്നു ജോലിക്കാർക്കും മറ്റും വരുവാനും പോകുവാനുമാണു പാലം നിർമിച്ചത്. നാലു വർഷത്തിനു ശേഷം 1993ൽ കോണ്ക്രീറ്റ് പാലം പണികഴിച്ചു.
പഞ്ചായത്തുകളിൽ നിന്നും ചെറിയ തോതിലുള്ള സഹായവും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു കോണ്ക്രീറ്റ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
പാലം കോണ്ക്രീറ്റ് ചെയ്യുന്ന ദിവസം ഈ കനോലി കനാലിലൂടെ കളക്ടർ അടക്കമുള്ള സംഘം ബോട്ടിൽ കനോലി കനാലിലൂടെ വന്നു.
ഇവർക്ക് യാത്ര തുടർന്നുപോകാൻ പാലത്തിന്റെ മേൽതട്ട് തടസമായതോടെ കളക്ടർ ഇടപെട്ട് അതു പൊളിച്ചുനീക്കി. രണ്ടടി ഉയരം വർധിപ്പിച്ച് നടപ്പാലം കോണ്ക്രീറ്റ് നടത്തി.
കൈവരികളും തൂണുകളും ബീമിന്റെ കോണ്ക്രീറ്റും തകർന്നുവീണുകൊണ്ടിരിക്കുകയാണ്. കാൽ ലക്ഷത്തിലധികം രൂപ മാത്രം ചെലവാക്കി നിർമിച്ച പാലത്തിൽ ഇന്നു സൈക്കിൾ പോലും കടത്തുക പ്രയാസമാണ്.
മഴക്കാലമായാൽ പാലത്തിന്റെ താഴ്ന്ന ഭാഗം വെള്ളം മൂടി യാത്ര കൂടുതൽ അപകടകരമാകും.ഇരു പഞ്ചായത്തിലെയും നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ പാലത്തിന്റെ ഇരുവശത്തും രണ്ടു പഞ്ചായത്തുകളിൽ നിന്നായി റോഡുകൾ വന്നു നിൽക്കുന്നുണ്ട്.
എടത്തിരുത്തിയിലുള്ളവർക്കും കയ്പമംഗലത്തുള്ളവർക്കും ഇരിങ്ങാലക്കുടയുമായി ബന്ധപ്പെടുവാനുള്ള എളുപ്പവഴിയാണിത്.