ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് ബോളിവുഡിൽ നമ്പർ വൺ താരമായി തിളങ്ങിനിന്ന താരമായിരുന്നു മാധുരി.
വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്ന മാധുരി ഇപ്പോൾ വീണ്ടും ബോളിവുഡിൽ സജീവമാണ്. ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാൾ കൂടിയാണ് മാധുരി.
മാധുരിയ്ക്ക് പ്രായം അമ്പത്തിയഞ്ച് ആയെങ്കിലും നിറ യൗവനം ഇപ്പോഴും ഈ താരറാണിയുടെ മുഖത്തുണ്ട്.
മാധുരി മലയാളത്തിൽ നടൻ മുകേഷിന്റെ നായികയാകേണ്ടതായിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല.
12,000 രൂപയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ വരാമെന്നു പറഞ്ഞ മാധുരി ദീക്ഷിതിനെ വേണ്ടെന്നുവച്ച തീരുമാനം എങ്ങനെയുണ്ടായിയെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുകേഷ്.
ഒരു കാലത്ത് സുന്ദരിമാരായ ബോളിവുഡ് നടിമാരെ നായികയാക്കി മലയാളം സിനിമകൾ വരുന്നത് നിത്യ സംഭവമായിരുന്നു.
നടൻ മുകേഷ് തന്നെ നിരവധി ബോളിവുഡ് നടിമാർക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ അഭിനയിക്കാൻ തയാറായി വന്ന മാധുരി ദീക്ഷിതിനെ എന്തുകൊണ്ട് വേണ്ടെന്നു വച്ചുവെന്നാണ് മുകേഷ് തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
മമ്മൂക്കയും ഞാനും അഭിനയിക്കുന്ന അകലത്തെ അമ്പിളി എന്ന സിനിമയ്ക്കായി നായികയെ തേടി എല്ലാവരും നോർത്ത് ഇന്ത്യയിൽ പോയിരിക്കുകയാണ്.
അന്ന് മലയാളത്തിൽ നിന്നും നായികയെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അണിയറപ്രവർത്തകരിൽ പലരും പല വഴിക്ക് അന്വേഷിക്കുകയാണ്.
അങ്ങനെയിരിക്കെ ഒരു പെൺകുട്ടിയെ കണ്ടെത്തി പക്ഷെ പ്രതിഫലം 15,000 രൂപയാണ് ചോദിച്ചത്. അന്ന് അത് വലിയ തുകയാണ്.
അന്ന് ആ പെൺകുട്ടി ബോളിവുഡിൽ മുഖം കാണിച്ച് തുടങ്ങിയിട്ടെയുള്ളൂ. അത്രയും വലിയ തുക എടുക്കാനില്ലാത്തതിനാൽ ആ പെൺകുട്ടി വേണ്ടെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചു.
ശേഷം സുപ്രിയ പതക്കെന്ന് പേരുള്ള ഹിന്ദി നടിയാണ് ആ സിനിമയിൽ അഭിനയിച്ചത്. അകലത്തെ അമ്പിളി സിനിമയ്ക്ക് വേണ്ടി നായികയെ തപ്പിപ്പോയ പൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്താണ്.
അദ്ദേഹം വർഷങ്ങൾക്ക് ശേഷം എന്നെ വിളിച്ച് സംസാരിക്കവെ അന്ന് നമ്മൾ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ പെൺകുട്ടിയെക്കുറിച്ച് പറഞ്ഞു.
അണിയറപ്രവർത്തകർ വേണ്ടെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് 12,000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു.
അന്ന് ആ പെൺകുട്ടിയെ നിങ്ങൾ എടുത്തിരുന്നെങ്കിൽ മുകേഷേട്ടന്റെ ലെവൽ തന്നെ മാറിപ്പോകുമായിരുന്നു.
അപ്പോൾ ഞാൻ ചോദിച്ചു അതേതാണ് ലെവൽ മാറ്റാൻ കഴിവുള്ള നടിയെന്ന്. അപ്പോഴാണ് അവൻ പറഞ്ഞത് അന്ന് പ്രതിഫലം കൂടുതൽ ചോദിച്ചതിന്റെ പേരിൽ ഒഴിവാക്കിയ നടി മാധുരി ദീക്ഷിതായിരുന്നുവെന്ന്.
അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്ന് – മുകേഷ് പറയുന്നു.