നൗഷാദ് മാങ്കാംകുഴി
കായംകുളം: അഗതി മന്ദിരത്തിൽ കഴിയുന്നവർക്ക് സാന്ത്വനം പകർന്നുള്ള വിദ്യാർഥിനിയുടെ സംഗീത അരങ്ങേറ്റം വേറിട്ടതായി.കായംകുളം ഹോളി മേരി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മധുരിമ മനോജിന്റെ സംഗീത അരങ്ങേറ്റമാണ് ശ്രദ്ധേയമായത്.
സാധാരണ ആരാധനാലയങ്ങളിലും സംഗീത സദസുകളിലും അരങ്ങേറ്റം കുറിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തോളം അഗതികൾക്ക് സാന്ത്വനമായി സംഗീത മധുരം പകർന്നു നൽകിയാണ് മധുരിമ അരങ്ങേറ്റം കുറിച്ചത്.
സ്കൂളിലെ പഠനത്തോടൊപ്പം കഴിഞ്ഞ പത്ത് വർഷമായി മധുരിമ സംഗീതം പഠിക്കുകയായിരുന്നു. മാവേലിക്കര ത്രിമൂർത്തി സംഗീത അക്കാദമി ഡയറക്ടർ ഭരണിക്കാവ് അജയകുമാറിന്റെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്.
അരങ്ങേറ്റത്തിൽ കുമാരി ലക്ഷ്മി എസ് അജയ് വയലിനും പള്ളിക്കൽ ശ്രീഹരി മൃദംഗവും തുന്പമണ് ഷാജി ഘടവും താമരക്കുടി രാജശേഖരൻ മുഖർശംഖ് വാദനവും നടത്തി.
ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ, നടൻ ടി പി മാധവൻ, ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ എന്നിവർ മധുരിമയുടെ അരങ്ങേറ്റം ദർശിക്കാൻ സന്നിഹിതരായിരുന്നു.
അരങ്ങേറ്റത്തിന് ഗാന്ധിഭവൻ തെരഞ്ഞെടുത്ത മധുരിമയെ വയലാർ ശരത് ചന്ദ്രവർമ്മ അഭിനന്ദിച്ചു.തിരുവല്ല മല്ലപ്പള്ളി ജോയിന്റ് ആർ ടി ഒ ഓലകെട്ടിയന്പലം മാളിയേക്കൽ വീട്ടിൽ എം ജി മനോജിന്റെയും മാവേലിക്കര ബാറിലെ അഭിഭാഷകയായ സ്മിത മനോജിന്റെയും മകളാണ് മധുരിമ.
അരങ്ങേറ്റത്തിന്റെ ഭാഗമായി മധുരിമ ആലപിച്ച ഗാനങ്ങൾക്ക് കായംകുളം ഹോളി മേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കൂടിയായ സഹോദരൻ തേജസ് മനോജാണ് തബലയിൽ താളം പകർന്നത്.
ഗന്ധിഭവനിലെ ആയിരത്തോളം വരുന്ന അന്തേവാസികൾക്ക് മുന്പിൽ തബല വാദനം നടത്തിയാണ് തബലയിൽ തേജസും മുന്പ് അരങ്ങേറ്റം കുറിച്ചത്.
മാവേലിക്കര ചൈതന്യ സംഗീത അക്കാദമിയിലെ തബല വിദ്വാൻ മാവേലിക്കര പ്രേം ലാലിന്റെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി തബല അഭ്യസിച്ചു വരികയാണ് തേജസിപ്പോൾ.