സ്വന്തം ലേഖകൻ
തൃശൂർ: അല്ല മധൂസേ ഇത് ഞാനല്ലേ…നീ ഞങ്ങളേം കാരിക്കേച്ചറാക്കീല്ലേ… തൃശൂർ ലളിതകല അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന കാരിക്കേച്ചർ പ്രദർശനം കാണാനെത്തിയവർ മധൂസ് എന്ന കെ.ബി.മധുസൂദനന്റെ കാരിക്കേച്ചറുകൾ കണ്ട് അത്ഭുതത്തോടെ പറയുന്നത് ഇതാണ്.
അവനവനെ നോക്കി ചിരിക്കുകയെന്നത് വലിയൊരു കാര്യമാണ്. പലർക്കും അത് സാധിക്കില്ല. എന്നാൽ ആർട് ഗാലറിയിലെ ചുമരുകളിൽ തങ്ങളുടെ കാരിക്കേച്ചറുകൾ കാണുന്പോൾ അവനവനെ കണ്ട് ആനന്ദിക്കുകയാണ് ആൾക്കൂട്ടം.
വരമുദ്ര 2 എന്ന് പേരിലുള്ള കാരിക്കേച്ചർ പ്രദർശനത്തിൽ പ്രമുഖരായവരുടെ പരിചിത മുഖങ്ങൾക്കൊപ്പം മധുസൂദനൻ തന്റെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും രൂപഭാവങ്ങൾ കൂടി കാരിക്കേച്ചറാക്കിയതോടെ പ്രദർശനത്തിന്റെ സ്റ്റൈൽ തന്നെ മാറി.
തങ്ങളുടെ ചിത്രം ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നുവെന്ന് കേട്ട് കാണാനെത്തിയവരും ഏറെ. ആരുടെയൊക്കെ കാരിക്കേച്ചറുകളുണ്ടെന്ന കാര്യം മധു അവസാന നിമിഷം വരെ സസ്പെൻസാക്കി വെച്ചിരിക്കുകയായിരുന്നു.
നൂറു കണക്കിന് കാരിക്കേച്ചറുകളിൽ പ്രശസ്തരായ നിരവധി പേരുണ്ട്.
കൂട്ടുകാർ മധൂസ് വരച്ച തങ്ങളുടെ കാരിക്കേച്ചറുകൾക്ക് മുന്നിൽ നിന്ന് സെൽഫിയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്യുന്നുണ്ട്. തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ ജോലി ചെയ്യുന്ന കെ.ബി.മധുസൂദനൻ എന്ന മധൂസിന്റെ കാരിക്കേച്ചർ-കാർട്ടൂണ്‍ പ്രദർശനം കാണാൻ നിരവധി പേരാണ് ആർട് ഗാലറിയിലെത്തുന്നത്.