കാഞ്ഞിരപ്പള്ളി: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി മധുസൂദനൻ പിള്ളയ്ക്കു കേരള ഭാഗ്യക്കുറിയുടെ 65 ലക്ഷം.
തിങ്കളാഴ്ച തോറും നറുക്കെടുക്കുന്ന കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ 65 ലക്ഷം രൂപയാണ് വിഴിക്കത്തോട് തോട്ടംകവല മുളവേലിൽ മധുസൂദൻ പിള്ളയ്ക്ക് അടിച്ചത്. വിഴിക്കത്തോട്ടിൽ നാലു വർഷമായി തയ്യൽക്കട നടത്തുന്ന മധു ഇവിടത്തെതന്നെ സൗഭാഗ്യ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത ഡബ്ല്യുജി 318106 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
മകളെ കെട്ടിച്ചയച്ച വകയിലെ കടബാധ്യതകൾ തീർത്ത് സ്വന്തമായി ഒരു വീടും തയ്യൽക്കടയും സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു മധുസൂദനൻ പറയുന്നു. ഇപ്പോൾ കുടുംബവീട്ടിൽ അമ്മയോടും അനുജനോടുമൊപ്പമാണ് മധുസൂദനൻ താമസിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് കോർപറേഷൻ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിൽ ഏല്പിച്ചു.