തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ. ബിജെപിയിൽ ചേരുന്ന വിവരം പ്രഖ്യാപിക്കുന്നതിനു മുന്പ് മധുവിനെ പുറത്താക്കി സിപിഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജന മധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് മധുവിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
പുറത്താക്കാനുള്ള സിപിഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 11ന് ബിജെപി നേതാക്കൾ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ഔദ്യോ ഗികമായി ക്ഷണിച്ചു.
അതേസമയം ഏരിയ സെക്രട്ടറി ആയിരിക്കെത്തന്നെ മധു ബിജെപിയുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.മധു മുല്ലശേരിക്ക് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് തടസമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പ്രതികരിച്ചു.
ഏത് സഖാവിന്റെ ഭാഗത്ത് നിന്ന് പിശക് വന്നാലും തിരുത്താൻ നടപടിയെടുക്കും. തിരുത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരും. മധു മുല്ലശേരിയെ പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനമെന്നും വി.ജോയി വ്യക്തമാക്കി.
മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദമാണ് ഒടുവിൽ മധുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുന്നതില്് കലാശിച്ചത്.പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ടാണ് മധു സിപിഎം വിട്ടത്. ജലീലിനെ ആണ് പുതിയ ഏരിയ സെക്രട്ടറി ആയി തെരഞ്ഞെടുത്തിരിക്കുന്നത്