തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വൻ അഴിമതിയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബ്രൂവറി ആരോപണം ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു വിദേശ നിർമിത വിദേശ മദ്യം വിൽക്കുന്നതിനു പിന്നിൽ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നാണ് എക്സൈസ് മന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മുന്നിൽ പല്ലി വാല് മുറിച്ച് രക്ഷപ്പെടുന്നതുപോലെയാണ് മന്ത്രി രക്ഷപ്പെടുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂച്ച കണ്ണ് അടച്ച് പാല് കുടിക്കുന്നതുപോലെയാണ് സർക്കാർ അഴിമതി നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും പാഠമാണ്. മോദിയുടെ ധാർഷ്ട്യത്തിനുണ്ടായ തിരിച്ചടിയാണ് ഇത്. നാളെ പിണറായി വിജയനും ഈ സ്ഥിതിയുണ്ടാകും. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ തിരിച്ചടി നൽകുമെന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ ഫലമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹത്തെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയാറാകുന്നില്ല. ഇത് ശരിയായ നടപടിയല്ല. സ്പീക്കർ രണ്ട് തവണ ഇടപെട്ടു. എന്നാൽ അദ്ദേഹത്തിന്റെ നിസായഹതയാണ് കാണാൻ സാധിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.