സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകി സംസ്ഥാനത്തെ മദ്യനയത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നു. ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശിപാർശയും സർക്കാർ പരിഗണിക്കുന്നു. പുതിയ മദ്യനയം മാർച്ച് 25നു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
ഒന്നാം തീയതിയിൽ മദ്യശാലകൾക്ക് ഏർപ്പെടുത്തിയിരുന്ന അവധി എടുത്തു മാറ്റണമെന്ന് ബെവ്കോയും ബാറുടമകളും നേരത്തെ മന്ത്രിതല സമിതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഒന്നാം തീയതി അവധിയാണെങ്കിലും കരിഞ്ചന്തയിൽ മദ്യം സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതു പരിഗണിച്ചാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.
ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കള്ളുഷാപ്പുകൾക്കും ബാറുകൾക്കും മേഖലയിൽ അനുമതി ലഭിച്ചേക്കും.
ഗുണനിലവാരം ഉറപ്പാക്കുന്നവർക്കു മാത്രമാകും ലൈസൻസ് പുതുക്കി നൽകുക.ബെവറ്ജിസ് കോർപ്പറേഷനു കീഴിലുള്ള ഔട്ട് ലെറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
ബെവറ്ജിസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ കശുമാങ്ങ, വാഴപ്പഴം, ജാതിക്ക, പൈനാപ്പിൾ എന്നിവയിൽ നിന്നു വൈൻ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നു.
ഇക്കാര്യങ്ങളിൽ എക്സൈസ് വകുപ്പ് തയാറാക്കുന്ന നിർദേശങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫും ചർച്ച ചെയ്തതിനു ശേഷമാകും അന്തിമ രൂപം നല്കുക.