ഇരിങ്ങാലക്കുട: ബാറുകൾ തുറന്നതോടെ നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപാനികളുടെ ശല്യമേറുന്നതായി ആക്ഷേപം. ഇതുമൂലം സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഏറെ ദുരിതമുളവാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായവർ പലപ്പോഴും വന്നു കിടക്കുന്നത് ബസ് സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിലാണ്.
മലമൂത്ര വിസർജനവും ഛർദ്ദിയും ഈ കെട്ടിടത്തിന്റെ ഗോവണികളിലായിരിക്കും നടത്തുക. ഇവിടെ കിടക്കുന്ന പലർക്കും പലപ്പോഴും ഉടുതുണിപോലും ഉണ്ടാകാറില്ല. ഒന്നാം നിലയിലേക്കും മറ്റും കയറുന്നതിനായി സ്ത്രീകളടക്കമുള്ളവർ ഇവരെ മറികടന്നുവേണം പോകുവാൻ. ബസ് സ്റ്റാൻഡിൽ യാത്രക്കായി ബസ് കാത്തുനിൽക്കുന്ന പെണ്കുട്ടികളോട് ഇക്കൂട്ടർ അസഭ്യവർഷം പോലും ചൊരിയാറുണ്ട്. ഇതിനെ ചോദ്യം ചെയ്താൽ പലപ്പോഴും വാക്കേറ്റവും സംഘട്ടനവും നടക്കുകയാണു പതിവ്. ബസ് സ്റ്റാൻഡിൽ പലപ്പോഴും ഡ്യൂട്ടിക്കായി പോലീസുകാർ ഉണ്ടാകാറുണ്ട െങ്കിലും ഇവർ കാഴ്ചക്കാരായി മാറുകയാണു പതിവ്.
ആരെങ്കിലും പോലീസിൽ പരാതിപെട്ടാൽ ഉടനെ പോലീസെത്തി ഇവരെ പറഞ്ഞയക്കുമെങ്കിലും പോലീസ് സ്ഥലം വിട്ടാൽ ഇക്കൂട്ടർ വീണ്ടും പഴയസ്ഥലത്തെത്തി കയറികിടക്കുകയും ചെയ്യും. രാവിലെ മുതൽ ബസ് സ്റ്റാൻഡിലെ പലയിടത്തും മദ്യപന്മാർ ഒത്തുചേരുന്നതു സ്ഥിരം കാഴ്ചയാണ്.
മൂന്നുബാറുകളുടെ സമീപത്താണ് ബസ് സ്റ്റാൻഡ് എന്നുള്ളതിനാൽ ബസ് സ്റ്റാൻഡിനകത്ത് മദ്യപാനികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. ബസ് സ്റ്റാൻഡ് കെട്ടിടങ്ങളുടെ പടികളിൽപ്പോലും മദ്യകുപ്പികൾ കാണാം. രാവിലെ സ്റ്റാൻഡ് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. രാത്രിയുടെ മറവിൽ ബസ് സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിലെ മുകളിലെ നിലയിൽ അനാശാസ്യ പ്രവർത്തനങ്ങളും അറങ്ങേറുന്നതും പതിവാണ്. അടിയന്തരമായി പോലീസ് കർശന നടപടിയെടുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.