തിരുവനന്തപുരം: സംസ്ഥാനത്തു പുതുക്കിയ മദ്യവില ഇന്നുമുതൽ നിലവിൽ വരും. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ വില വർധിക്കുന്നത്. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാൻഡുകള്‍ക്ക് വില കുറയും.
ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്കോ നിയന്ത്രണത്തില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന് റം വില 640 രൂപയില്‍നിന്ന് 650 ആയി ഉയര്‍ത്തി.
ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടു.
15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്കോ മദ്യവില കൂട്ടിയത്.എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്.
പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉത്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്.