വൈപ്പിൻ: ഇടതു സർക്കാർ മദ്യനയത്തിൽ വരുത്തിയ മാറ്റത്തിനു ജനത്തിന്റെ പിന്തുണ ലഭിക്കാനായി നാട്ടിൽ നടക്കുന്ന അനധികൃത മദ്യവില്പനയ്ക്കെതിരെ പോലീസ്-എക്സൈസ് നടപടികൾ ഇല്ലെന്ന് ആക്ഷേപം. രണ്ട് ബിയർ -വൈൻ പാർലറുകൾ ഒഴികെ മറ്റെല്ലാ മദ്യശാലകളും അടച്ചുപൂട്ടിയ വൈപ്പിൻ കരയിൽ അനധികൃത മദ്യവില്പന പെരുകിയിട്ടും നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് എക്സൈസ്-പോലീസ് അധികൃതർക്കെതിരേ ആക്ഷേപം ഉയർന്നിരിക്കുന്നത്.
സപ്ലൈകോ ഒൗട്ട് ലെറ്റുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്ന മദ്യശാലകളിൽ നിന്നും മൊത്തമായി വാങ്ങികൊണ്ട് വന്ന് ചെറിയ കുപ്പികളിലാക്കി ഇരട്ടി വിലക്കാണ് വില്പന നടത്തുന്നത്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരന്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ മുക്കിലും മൂലയിലും ഏത് സമയവും വിദേശമദ്യം ലഭിക്കുന്ന സാഹചര്യമാണിപ്പോൾ.
മത്സ്യബന്ധന മേഖലയായ മുരുക്കുംപാടം, കാളമുക്ക്, മുനന്പം, പള്ളിപ്പുറം മേഖലകളിലാണ് മദ്യം സുലഭം.ഇവിടെയെല്ലാം പുലർച്ചെ മൂന്നു മുതൽ മദ്യം ലഭിച്ചു തുടങ്ങും. പല ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും മദ്യവില്പനയുണ്ട്. ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ചാണത്രേ വില്പന. ഇവരെയെല്ലാം തൊണ്ടിയോടെ പിടികൂടാൻ എക്സൈസുകാർ മഫ്ടിയിലും അല്ലാതെയും റോന്തു ചുറ്റുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും ഇതുവരെയും ഒരു കേസ് പോലും ചാർജ്ജ് ചെയ്തിട്ടില്ല. അനധികൃത മദ്യവിൽപ്പന കൈയോടെ പിടികൂടിയാൽ ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തുക.
ശിക്ഷിച്ചാൽ ഒരു ലക്ഷം രൂപയും ഏറ്റവും ചുരുങ്ങിയത് മൂന്ന് വർഷംവരെയും തടവും പ്രതീക്ഷിക്കാം. ഇതിനിടെ സ്ഥിരമായി സപ്ലൈകോപേലുള്ള സ്ഥാപനങ്ങളിൽ നിന്നും ദിവസവും ഒന്നിലധികം തവണ ക്യൂ നിന്ന് മദ്യംവാങ്ങുന്നവരെ കണ്ടെത്താൻ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ പരിശോധിച്ച് ആളെ മനസിലാക്കി പിന്തുടരാനുള്ള പുതിയ നീക്കവും എക്സൈസ് ആലോചിക്കുന്നുണ്ട്.
മദ്യവില്പനക്ക് അനുമതിയില്ലാത്ത ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, ഞാറക്കൽ മേഖലകളിലെ വലുതും ചെറുതുമായ റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലും മദ്യവിൽപ്പന വ്യാപകമാണ്. ഇവിടെയൊന്നും പരിശോധനകൾ ഇല്ല. ഇക്കൂട്ടർ ചില പോലീസുകാർക്കും, എക്സൈസ് കാർക്കും മാസപ്പടി നൽകുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.