നാദാപുരം: ടൗണിൽ വിൽപ്പനയ്ക്കെത്തിച്ച മാഹി വിദേശമദ്യ ശേഖരം പിടികൂടിയ കേസിൽ പ്രതി റിമാന്‍ഡില്‍. കക്കട്ട് സ്വദേശി തവിടോറേമ്മൽ അജിത്ത്(39) ആണ് റിമാന്‍ഡിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മണിക്കൂറുകളോളം കാത്തിരുന്നാണ് മദ്യവും പ്രതിയെയും പിടികൂടിയത്.നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലാച്ചി, നാദാപുരം, നരിപ്പറ്റ മേഖലകളിൽ മദ്യം വിതരണം ചെയ്യുന്നത് അജിത്താണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് നാദാപുരം എക്സൈസ് സംഘം കക്കട്ട് ടൗണിലെ മത്സ്യമാർക്കറ്റ് പരിസരത്ത് വെച്ചാണ് അമ്പത്തിനാല് കുപ്പി മാഹി വിദേശമദ്യവുമായി കസ്റ്റഡിയിലെടുത്തത്.
വലിയ ചാക്കുകെട്ടിൽ നിന്നും വിതരണം ചെയ്യാനായി സഞ്ചിയിലേക്ക് മാറ്റുന്നതിനിടയിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി വിദേശമദ്യ വിൽപ്പന നടക്കുന്നതായി നാദാപുരം എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് സംഘം കക്കട്ട് ടൗണിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസവും കക്കട്ട് ടൗണിൽവച്ച് വിദേശമദ്യ ശേഖരവുമായി മറ്റൊരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.