കായംകുളം: കോവിഡ് 19 സമൂഹ വ്യാപനം തടയാൻ അടച്ചുപൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മദ്യശാലകൾ വീണ്ടും തുറക്കുന്നതിനെതിരെ ഗാന്ധിദർശൻ സമിതി ആലപ്പുഴ ജില്ലാകമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പോരാടുന്പോൾ മദ്യശാലകൾ തുറക്കാൻ വഴികൾ അന്വേഷിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണ്.
മനുഷ്യമഹത്വത്തെയും മനുഷ്യന്റെ സുസ്ഥിതിയെയും നശിപ്പിച്ച് കുടുംബ സമാധാനവും സമൂഹത്തിന്റെ സ്വച്ഛതയും തകർക്കുന്ന മദ്യവിപത്ത് കേരള സമൂഹത്തിന്റെ വലിയ ശാപമാണ്. ഇനി മദ്യശാലകൾ തുറക്കാതെ മദ്യ നിരോധനം കൊണ്ടുവരാൻ സർക്കാർ തയാറാവണമെന്നും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് ഉപവസിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അസ്ല ം അധ്യക്ഷത വഹിച്ചു. സി.കെ. വിജയകുമാർ, അന്പിളി സുരേഷ്, നൈനാരത്ത് റഷീദ്, ഷൗക്കത്ത് വള്ളികുന്നം, ബി. ചന്ദ്രസേനൻ, അംജിത്ത്ഖാൻ, റഹിം ചീരാമത്ത്, എ.വാസുദേവൻ, മുഹമ്മദ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.