മുണ്ടക്കയം: ലോക്ഡൗണിന്റെ മറവില്‍ മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റില്‍നിന്നു ജീവനക്കാര്‍ മദ്യം കടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കര്‍.
കഴിഞ്ഞദിവസം ബിവറേജ് ഔട്ട്ലെറ്റില് നടത്തിയ പരിശോധനയില്‍ 8.5 ലക്ഷം രൂപയുടെ മദ്യത്തിന്റെ കുറവ് കണ്ടെത്തിയെന്നാണു പ്രാഥമിക വിവരം.
സംഭവത്തില്‍ ഷോപ് ഇന്‍ ചാര്‍ജ് പുഞ്ചവയല്‍ 504 സ്വദേശിയെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇവിടെനിന്നും മദ്യം കടത്തിയതിനു പിന്നില്‍ താത്കാലിക ജീവനക്കാര്‍ക്കു പങ്കുള്ളതായും ഷോപ്പ് ഇന്‍ ചാര്‍ജിനു മാത്രം കൈവശം വയ്ക്കുവാന്‍ അവകാശമുള്ള ഔട്ട്ലെറ്റ് താക്കോല്‍ താല്കാലിക ജീവനക്കാരുടെ പകല്‍ എങ്ങനെയെത്തിയെന്നതും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ലോക്ഡൗണ്‍ കാലങ്ങളില്‍ രാത്രിയില്‍ ചാക്കില്‍കെട്ടി വലിയ തോതില്‍ മദ്യം കടത്തുന്നതായാണ് ആരോപണമുയര്‍ന്നത്. 400 രൂപ വിലയുള്ള മദ്യം, 1,000 മുതല്‍ 1,300 രൂപ വരെ വിലയ്ക്കായിരുന്നു വിറ്റഴിച്ചത്.
സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജ് കോര്‍പ്പറേഷനും, എക്സൈസും സംയുക്തമായിട്ട് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
പരിശോധനയില്‍ വന്ക്രമക്കേടാണു കണ്ടെത്തിയത്. മുമ്പും ഇവിടെ പരിശോധനയില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും ജീവനക്കാരില്‍നിന്നും പിഴ ഈടാക്കി ഒഴിവാക്കുകയാണു ചെയ്തിരുന്നത്.
ഇതു മറയാക്കിയാണ് ലോക്ഡൗണില്‍ വലിയതോതില്‍ മദ്യം കടത്തിയതെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.സംഭവത്തില്‍ കൂടുതല്‍ പേരില്‍നിന്നു മൊഴിയെടുക്കുവാനും സമാനമായ രീതിയില്‍ മറ്റ് ഔട്ട്ലെറ്റുകളില് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുവാനാണ് എക്സൈസിന്റെ തീരുമാനം.