തിരുവനന്തപുരം: വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസവും നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്തു നിന്നും ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.
എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. സര്‍ക്കുലര്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച നടപടിയും തുടങ്ങി.
സര്‍ക്കുലര്‍ സംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ വകുപ്പ് ആസ്ഥാനത്തേക്ക് വന്നതോടെയാണ് കമ്മീഷണര്‍ ഇക്കാര്യം അറിയുന്നത്. ഉടന്‍ തന്നെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.