ചിറ്റൂർ: അനധികൃത മദ്യവിൽപ്പനക്കാരെ അധികൃതർ പിടികൂടി നടപടിയെടുക്കുന്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ രക്ഷകരായെത്തുന്ന കീഴ് വഴക്കം ആവർത്തിക്കരുതെന്ന് സംയുക്ത മദ്യവ്യവസായ സംഘടനാ പ്രതിനികൾ ആവശ്യപ്പെട്ടു. എക്സൈസ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത മദ്യ വ്യവസായ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി നടന്ന യോഗത്തിലാണ് രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന ആവശ്യം ഉയർന്നത്.
താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ വൻതോതിൽ അനധികൃത മദ്യം വിറ്റഴിക്കപ്പെടുന്നു. ഈ കാരണത്താൽ തന്നെ പരന്പരാഗത കള്ളുവ്യവസായ മേഖല അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കൂടാതെ അനധികൃത മദ്യവിൽപ്പന കാരണം മദ്യം ഉപയോഗിക്കുന്നവർ രോഗികളായി മാറിയിട്ടുണ്ടെന്നും ചിലർ മരണപ്പെട്ടതായും താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വികസന സമിതി ചെയർമാൻ വകുപ്പുതല യോഗം നടത്താൻ നിർദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് ഇക്കഴിഞ്ഞ ദിവസം ആലോചനയോഗം നടത്തിയത്. ചിറ്റൂർ, കൊല്ലങ്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാജ വിപണി കൊഴുക്കുന്നതെന്നും ആരോപണമുണ്ടായി. ചെറിയ തട്ടുകൾ, വീടുകൾ, ഡ്രൈവർമാർ എന്നിവരെ കേന്ദ്രീകരിച്ചാണ് തമിഴ്നാട് മദ്യം വിറ്റഴിയുന്നത്.
ഇക്കാരണത്താൽ നിരവധി കള്ളുഷാപ്പുകൾ അടച്ചുപൂട്ടുകയും നിരവധി തൊഴിലാളി കുടുംബങ്ങൾ വരുമാനമില്ലാതെ ദുരിതത്തിലാണെന്നും തൊഴിലാളി സംഘടന ഭാരവാഹികൾ യോഗത്തിൽ വെളിപ്പെടുത്തി. ഈ നില തുടർന്നാൽ വൈകാതെ ഷാപ്പുകൾ അടച്ചു പൂട്ടലുണ്ടാവുമെന്നും മുന്നറിയിപ്പു നൽകി. അതിർത്തി പ്രദേശങ്ങളിലെ തോപ്പുകൾ വ്യാജമദ്യ വിൽപ്പന കേത്രങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം ഉയർത്തു.
ചിറ്റൂർ-തത്തമംഗലം നഗര സ ഭാ അധ്യക്ഷൻ കെ. മധു യോഗത്തിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.ബാലകൃഷ്ണൻ , ഡെപ്യൂട്ടി തഹസിൽദാർ ഷർമിളാ ദാസ്, എസ്ഐ ആദംഖാൻ, എഎസ്ഐ നന്ദകുമാർ, എക്സൈസ് ചിറ്റൂർ റെയ്ഞ്ച് ഇൻസ്പെക്ടർ റജീഷ്, വിവിധ മദ്യ വ്യവസായ സംഘടന തൊഴിലാളി ഭാരവാഹികളായ സി.ബാലൻ, എ. രാമചന്ദ്രൻ, എൻ. ചെല്ലൻ കുട്ടി, പി.കെ.വേണു, ആർ. കിട്ടുച്ചാമി, വി.കണ്ടമുത്തൻ, ആർ. സുനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.