തിരുവനന്തപുരം: വിദേശ മദ്യത്തിന് ഇന്നു വില കൂട്ടും. ഏഴു ശതമാനമാണു വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഫുൾ ബോട്ടിലിന് 30 രൂപ മുതൽ 80 രൂപ വരെ കൂട്ടും. ബിവറേജസ് കോർപറേഷനും കണ്‍സ്യൂമർഫെഡും വിൽക്കുന്ന എല്ലായിനം മദ്യത്തിനും വില കൂടും. ബാറുകളിൽ ആനുപാതികമായി തുക ഉയരും. ബിയർ, വൈൻ എന്നിവയുടെ വിലയും ഉയരും.
ജനപ്രിയ ബ്രാൻഡുകൾക്ക് 15 രൂപ മുതൽ 40 രൂപ വരെയാണ് ഉയരുന്നതെന്നാണ് പറയുന്നതെങ്കിലും നികുതി കൂടി കണക്കാക്കുന്നതോടെ ഇത് ഇരട്ടിയിലധികമാകും. മുന്തിയ ഇനം മദ്യങ്ങൾക്ക് ആനുപാതികമായി തുക ഉയരും. മദ്യശാലകൾക്ക് ഇന്ന് അവധിയായതിനാൽ നാളെയാണു വിലവർധന പ്രാബല്യത്തിലാകുക.
ബിവറേജസ് കോർപറേഷൻ മദ്യക്കമ്പനികൾക്കു കൂടുതൽ വില നല്കാൻ തീരുമാനി ച്ചതാണു വിലവർധനവിനു കാരണം. 15 ശതമാനം വർധനവാണ് ഡിസ്റ്റലറികളും മദ്യവിതരണക്കാരും ആവശ്യപ്പെട്ടത്. ഏഴു ശതമാനം വില വർധിപ്പിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന ബിവറേജസ് കോർപറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
മദ്യ വിൽപനശാലകളിൽ പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ബിവറേജസ് കോർപറേഷൻ അധികൃതർ അറിയിച്ചു. ഷോപ്പുകളിലുള്ള മദ്യക്കുപ്പികളിലെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ബില്ലിൽ ഉയർന്ന വില ഈടാക്കും. വിലവർധന പ്രാബല്യത്തിൽ വരുന്നതിനാൽ ഇന്നലെ രാത്രി ഷോപ്പുകളിലെ സ്റ്റോക്ക് തിട്ടപ്പെടുത്തി. ഇതു സംബന്ധിച്ച വിവരം ബിവറേജസ് കോർപറേഷൻ ആസ്ഥാനത്തേയ്ക്ക് നൽകി. പുതിയ വില ഈടാക്കാൻ ബില്ലിംഗ് മെഷീനിൽ ഇന്നു മാറ്റം വരുത്തും.