തിരുവനന്തപുരം: സംസ്ഥാനത്തു ബിവറേജസ് ഒൗട്ട് ലെറ്റുകൾ വഴി വിദേശ നിർമിത വിദേശ മദ്യം വിപണനം നടത്താൻ തയാറായി ഒൻപതു കന്പനികൾ രംഗത്തെത്തി.
എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി വിദേശ നിർമിത വിദേശമദ്യവും ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴി വിൽപന നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള ഇ- ടെൻഡറിലാണ് ഒൻപതു കന്പനികൾ പങ്കെടുത്തത്. ഇതുവരെ ഇന്ത്യൻ നിർമിത വിദേശമദ്യം മാത്രമായിരുന്നു ബിവറേജസ് ഒൗട്ട്ലെറ്റുകൾ വഴി വിൽപന നടത്തിയിരുന്നത്.
നിലവിൽ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വഴി മാത്രമായിരുന്നു വിദേശ നിർമിത വിദേശമദ്യം കേരളത്തിൽ വിൽപന നടത്തിയിരുന്നത്. ഇതോടൊപ്പം വിദേശ നിർമിത വൈൻ വിതരണം നടത്താൻ എട്ടു വിദേശ കന്പനികളും രംഗത്തുണ്ട്.
കഴിഞ്ഞ 16നാണ് ടെൻഡർ പരിശോധന നടത്തിയത്. ഇനി ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധന നടക്കും. കേരളത്തിൽ കോടികളുടെ മദ്യ വിൽപന നടക്കുന്ന സാഹചര്യത്തിലാണു കൂടുതൽ കന്പനികൾ സംസ്ഥാനത്ത് എത്തിയത്.