കായംകുളം: സന്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ മദ്യവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ബാർ, ബിയർ വൈൻ പാർലറുകളും സർക്കാർ ഒൗട്ട്ലെറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള കോവിഡ് പകർച്ച സർക്കാർ മറച്ചുവയ്ക്കുകയാണെന്നും മുന്നണി ആരോപിച്ചു.
‘പ്രതിരോധ കൗമാരം പ്രക്ഷുബ്ദ യൗവനം’ എന്ന പ്രമേയത്തിൽ ലിക്വർ ക്വിറ്റ് കേരള എന്ന ആവശ്യവുമായി 10 ലക്ഷം വിദ്യാർഥി യുവജനങ്ങൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഇതിനായുള്ള ഒപ്പുശേഖരണം ഓഗസ്റ്റ് ഒന്പതിന് ആരംഭിക്കാനും ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. ജോണ് അരീക്കൽ, ഫാ. ടി.ജെ. ആന്റണി, ഉമർ ആലത്തൂർ, റവ. ഡോ. ടി.ടി. സക്കറിയ, ജോണ്സണ് ഇടയാറന്മുള, ഡോ. വിൻസെന്റ് മാളിയേക്കൽ, സുരേഷ് റിച്ചാർഡ്, സി.സി. സാജൻ, എസ്. കൃഷ്ണൻകുട്ടി, ഡോ. എഫ്.എം. ലാസർ, ഡോ. സിറിയക് എന്നിവർ പങ്കെടുത്തു.