യുകെയിൽ അടിച്ചു പൂസായിപ്പോയ ഒരു വീട്ടമ്മ കംപ്യൂട്ടർ തുറന്നു വെറുതെ ഒന്നു ക്ലിക്ക് ചെയ്തതാ. നേരം വെളുത്തപ്പോൾ വീട്ടുമുറ്റത്ത് അതാ പ്രധാനമന്ത്രി ബോറിസ് ജോൺസൺ! എസെക്സിൽനിന്നുള്ള ജെമ്മ ഹാർവി എന്ന വീട്ടമ്മയ്ക്കാണ് മദ്യം തലയ്ക്കു പിടിച്ചപ്പോൾ പുലിവാലു പിടിച്ചത്.
കൂട്ടുകാരുമൊത്തു രാത്രി പാർട്ടിയും കഴിഞ്ഞാണ് എമ്മ വീട്ടിലെത്തിയത്. കംപ്യൂട്ടർ തുറന്ന് എന്തൊക്കെ ചെയ്തെന്ന് ഒരുപിടിയുമില്ല. എന്തായാലും പിറ്റേന്നു ഉറക്കമുണർന്നു നോക്കുന്പോൾ വാതിൽക്കൽ പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ ഒരു വലിയ കാർഡ് ബോഡ് കട്ടൗട്ട്.
ഇതെന്തു പുകിലാണെന്നോർത്ത് ചുറ്റുപാടും നോക്കി. മുഖമൊക്കെയൊന്നു കഴുകി തലയ്ക്കൊരു വെളിവു കിട്ടിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. മദ്യലഹരിയിൽ ഏതോ ഒാൺലൈൻ ഷോപ്പിംഗ് സൈറ്റിൽ പരതുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ കട്ടൗട്ട് ഒാർഡർ ചെയ്യുകയായിരുന്നു.
3,000 രൂപയുടെ കട്ടൗട്ട് ആണ് ഒാർഡർ ചെയ്തത്. രാവിലെയെത്തിയ ബോക്സ് തുറന്നു നോക്കിയപ്പോൾ തുറിച്ചു നോക്കുന്ന ബോറിസ് ജോണ്‍സന്റെ കട്ടൗട്ട് കണ്ടു ചിരിയടക്കാനായില്ലെന്നു ജെമ്മ പറയുന്നു.
ബോറിസ് ജോൺസന്റെ കടുത്ത ആരാധികയാണെങ്കിലും ഈ കട്ടൗട്ട് കൊണ്ടുള്ള പ്രയോജനം ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും താൻ ഇതുവരെ ഓർഡർ ചെയ്തതിൽ ഏറ്റവും മികച്ച വസ്തു ഈ കട്ടൗട്ട് ആണെന്ന അഭിപ്രായം സ്വയം പറഞ്ഞ് സമാധാനിക്കുകയാണ് ഈ വീട്ടമ്മ.
ലോക്ക്ഡൗൺ കാലത്തെ വിഷമങ്ങൾ മാറ്റാൻ ഈ തമാശ ഉപകരിച്ചെന്നും ഇവർ പറയുന്നു. ബോറിസ് ജോണ്‍സിനോടുള്ള ജെമ്മയുടെ താൽപര്യം കണക്കിലെടുത്തു സുഹൃത്തുക്കൾ ഈ ക്രിസ്മസ് കാലത്ത് അദ്ദേഹത്തിന്റെ പുസ്തകങ്ങളും ടീ ഷർട്ടുകളുമെല്ലാം അവൾക്കു സമ്മാനിച്ചു.
കട്ടൗട്ട് കാണുന്പോൾ പെട്ടെന്നു വീടിനുള്ളിൽ ആരോ നുഴഞ്ഞുകയറി നിൽക്കുന്നെന്നു പലപ്പോഴും തെറ്റിദ്ധരിച്ചതിനാൽ ഇഷ്ടമൊക്കെയാണെങ്കിലും കട്ടൗട്ടിനെ എങ്ങോട്ടെങ്കിലും മാറ്റാനുള്ള നീക്കത്തിലാണ് ഇവർ.