സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തു മദ്യ ഉപയോഗം കുറഞ്ഞെന്ന് എക്സൈസ് വകുപ്പു മന്ത്രി പറയുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ വിറ്റഴിച്ചതു 94.22 കോടി ലിറ്റര്‍ മദ്യമെന്നു ബിവറേജസ് കോര്പറേഷന്.
2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലെ ബിയര്‍, വൈന്‍ വില്പനയ്ക്കു പുറമേയുള്ള മലയാളിയുടെ മദ്യ ഉപയോഗത്തിന്റെ കണക്കാണിത്. 94,22,54,386.08 ലിറ്ററാണ് അഞ്ചു വര്‍ഷത്തെ മദ്യ വില്പന.
64,619 കോടി വിലമതിക്കുന്ന മദ്യമാണിത്. സംസ്ഥാനത്തെ 740 ബാറുകള്‍, 265 ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് എന്നിവ വഴിയാണ് ഇത്രയും മദ്യം വിറ്റഴിച്ചതെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു 47,624 കോടിയുടെ മദ്യം വിറ്റഴിച്ചതില്‍ നിന്നാണ്, ഒന്നാം പിണറായി സര്‍ക്കാരിന്റെ മദ്യവില്പന 64,619 കോടിയിലെത്തിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ വിറ്റ ബിയറിന്റെ കണക്കും ബിവറേജസ് കോര്പറേഷന് പുറത്തുവിട്ടിട്ടുണ്ട്.42,23,86,768 ലിറ്റര്‍ ബിയറാണ് ഇക്കാലയളവില്‍ മലയാളി കുടിച്ചത്.
55,57,065 ലിറ്റര്‍ വൈനും മലയാളി കുടിച്ചുതീർത്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് മദ്യവില്പനയും ഉപയോഗവും കുറഞ്ഞെന്നും ലഹരി വില്പനയും ഉപയോഗവും വര്‍ധിച്ചെന്നുമാണ് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
21 വയസില്‍ താഴെയുള്ളവരില്‍ മദ്യ ഉപയോഗം സംസ്ഥാനത്ത് കൂടുന്നതായി ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ (അഡിക്) ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.