തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം ഉടൻ വീട്ടിലെത്തില്ല. ബിവറേജസ് ഈ നടപടി മരവിപ്പിച്ചു. ബിവറേജസ് എംഡി ഇതുസംബന്ധിച്ച നിർദേശം ഇന്ന് രാവിലെ ബിവറേജസ് മാനേജർമാർക്ക് നൽകി.
ഡോക്ടറുടെ കുറിപ്പടിപ്രകാരം അപേക്ഷ നൽകിയ അഞ്ച് പേർക്കാണ് ഇന്ന് മദ്യം നൽകാൻ ബെവ്കോ തീരുമാനിച്ചത്. എന്നാൽ മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടത്തിനും ലോക്ക്ഡൗണ്‍ നിർദേശങ്ങൾക്കും എതിരാണെന്ന് ബിവ്റേജസ് എംഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടിയെന്നാണ് സൂചന.
കേന്ദ്രസർക്കാരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരന്നു.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.