പരിയാരം: മദ്യശേഖരവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ കുടുക്കിയത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍. പരിയാരം എസ്ഐ കെ.എന്‍.മനോജിന്റെ നേതൃത്വത്തിലാണ് നീലേശ്വരം പള്ളിക്കരയിലെ പാലരെകീഴില്‍ ക്ഷേത്രത്തിന് സമീപത്തെ മുണ്ടയില്‍ പുരയില്‍ സജീവനെ (43) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രി 7.40 ന് വാഹനപരിശോധനക്കിടയിലാണ് 540 കുപ്പി മദ്യവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് രണ്ടംഗ സംഘം ഓടിരക്ഷപ്പെട്ടത്.
30 പെട്ടികളിലായി സൂക്ഷിച്ച അരലിറ്ററിന്റെ 540 കുപ്പി മാഹിമദ്യമാണ് കെഎല്‍ 59 ബി 1046 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്നും പോലീസ് കണ്ടെടുത്തത്. അന്വേഷണത്തില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ വ്യാജമാണെന്നും ഒരു ജെസിബിയുടെ നമ്പറാണിതെന്നും കണ്ടെത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ മദ്യം കടത്തുകേസില്‍ മുമ്പ് പ്രതികളായവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് സജീവനെ കുടുക്കിയത്.
കാഞ്ഞങ്ങാട് പ്രദേശത്ത് മാഹിമദ്യം എത്തിക്കുന്ന സജീവന് മുമ്പ് വിവിധ സ്റ്റേഷനുകളില്‍ മദ്യം കടത്തിയതിന് പിടിയിലായിരുന്നു. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് സൈബര്‍ സെല്‍ മുഖേന അന്വേഷിച്ച പോലീസിന് പരിയാരത്ത് മദ്യം പിടികൂടിയ സമയത്ത് ഇയാള്‍ പരിയാരം ടവറിന് കീഴില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാതോടെയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതി ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.