മുളന്തുരുത്തി: ബീവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ നിന്നും വൻതോതിൽ മദ്യംവാങ്ങി ശേഖരിച്ച് വില്പന നടത്തിവന്ന രണ്ട്പേരെ മാമല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. കുന്നത്തുനാട് പറക്കോട് മനക്കുളങ്ങര വീട്ടിൽ ജയൻ (41), വെന്പിള്ളിൽ മാങ്ങനാലിൽ വീട്ടിൽ രാജേന്ദ്രൻ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുകയായിരുന്നുവെന്നു. ഇവരുടെ ഓട്ടോറിക്ഷയും ഇതിൽ നിന്നും 7.2 ലിറ്റർ മദ്യവും, 1520 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരേയും റിമാൻഡ് ചെയ്തു.
പൊതു സ്ഥലത്തിരുന്ന് മദ്യപിച്ച കുറ്റത്തിന് തിരുവാണിയൂർ സ്വദേശി രാജുവിനെതിരേയും, അളവിൽ കൂടുതൽ മദ്യം വാങ്ങിക്കൊണ്ടുവന്നതിന് മണീട് ഏഴക്കരനാട് സ്വദേശി മോഹനനെതിരേയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ട പാങ്ങോട് കാടായത്ത് ബാലനെതിരെ കേസെടുത്തു. ഇയാളുടെ സ്കൂട്ടറും, ഇതിലുണ്ടായിരുന്ന മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ കെ. സുമേഷ്, പ്രിവിന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ്, ശ്രീകുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.