മണിമല: മണിമലയിൽ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത് സഞ്ചരിക്കുന്ന ബാർ.
മണിമല കോത്തലപ്പടി ഭാഗത്ത് തൃപ്പല്ലിക്കൽ ബേസിൽ ജോസഫ് (53) ആണ് പിടിയിലായത്. ഇയാൾ മണിമലയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ആവശ്യക്കാർ ഫോണിൽ വിളിച്ച് അറിയിക്കുന്നതനുസരിച്ചു ഇയാൾ ഓട്ടോറിക്ഷയിൽ വീടുകളിൽ മദ്യം എത്തിച്ചു നല്കുകയാണ് ചെയ്തിരുന്നത്.
ബിവറേജസിൽ നിന്നു മദ്യം വാങ്ങി കൂടിയ വിലയ്ക്കു മറിച്ചു വില്ക്കുകയാണ് പതിവായി ചെയ്തിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഒന്പത് ലിറ്റർ വിദേശമദ്യവും പോലീസ് സംഘം പിടിച്ചെടുത്തു. ഡ്രൈ ഡേകളിലായിരുന്നു മദ്യവില്പന കൂടുതലുണ്ടായിരുന്നത്.
അരലിറ്റർ വിദേശമദ്യത്തിന് ബിവറേജസിൽ നിന്നും ലഭിക്കുന്നതിനേക്കാൾ 150 മുതൽ 200 രൂപ വരെ അധികമായി ഈടാക്കിയിരുന്നു. ഇതിനു പുറമേ ഓട്ടോറിക്ഷ കൂലിയും വാങ്ങിയിരുന്നു.
ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ടാണ് മദ്യം വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നത്. വീടിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ചാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. മണിമലയിലും പരിസരത്തും മദ്യം വിൽപ്പന നടത്തിയിരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സേനാംഗങ്ങൾ ദിവസങ്ങളായി ബേസിലിനെ നിരീക്ഷിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ, മണിമല എസ്എച്ച്ഒ ഷാജിമോൻ, എസ്ഐമാരായ ജിബി കെ.ജോണ്, വിദ്യാധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജി കുട്ടപ്പൻ, അജിമുദീൻ,
ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സേനാംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, ശ്രീജിത്ത് ബി.നായർ, തോംസണ് കെ.മാത്യു, എസ്. അരുണ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.