കൊടുങ്ങല്ലൂർ: മേത്തല-വയലന്പം മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവില്പന പിടികൂടി.
മേത്തല മേത്തലപ്പാടം കാട്ടുകണ്ടത്തിൽ വീട്ടിൽ സലീഷ്കുമാറിനെയാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്.
പൊക്ലായ്-പൊയ്യ ബീവറേജുകളിൽനിന്നും മദ്യം വാങ്ങി വയലന്പം ജംഗ്ഷനിൽ റോഡരികിലെ അടച്ചിട്ട ഷെഡിൽ രഹസ്യമായി പെഗ് വിലയിൽ മദ്യം വില്പന നടത്തുന്നതിനിടയിലാണ് സലീഷ്കുമാർ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.ലോക്ക്ഡൗണ്‍ മുതലെടുത്ത് തീരദേശ മേഖലയിൽ നിരവധി ആളുകൾ ഇത്തരം അനധികൃത മദ്യ കച്ചവടം നടത്തുന്നതായി രഹസ്യവിവരം ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എം.ആർ. നെൽസണ്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.വി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. ബാബു, എം.പി. ജീവേഷ്, എ.എസ്. റിഹാസ്, എക്സൈസ് ഡ്രൈവർ സി.പി. സഞ്ജയ്എന്നിവരും ഉണ്ടായിരുന്നു.