തൃശൂർ: കുന്നംകുളം ഇയ്യാൽ അന്പതുവീട് കോളനിയിൽ വിദേശമദ്യം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വില്പന നടത്തിയ കേസിൽ പ്രതിക്കു മൂന്നുമാസം തടവുശിക്ഷ. ഇയ്യാൽ അയ്യരിങ്കൽ വീട്ടിൽ മോഹനൻ (61) എന്നയാളെയാണ് മൂന്നു മാസം തടവിനു തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.ടി. പ്രകാശൻ ശിക്ഷിച്ചത്.
2015 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി സബ് ഇൻസ്പെക്ടറായ ശ്രീജിത്തും പാർട്ടിയും മോഹനന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പൂജാമുറിയിൽ ബിസ്കറ്റ് ടിന്നിനകത്തു വിദേശമദ്യം അടുക്കിവച്ചതു കണ്ടെത്തിയത്. അഞ്ചര ലിറ്റർ മദ്യവും 9,950 രൂപയും പിടിച്ചെടുത്തു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ്. ചിന്തു എന്നിവർ ഹാജരായി.
.